അരലക്ഷത്തിലധികം പേർ പങ്കെടുക്കും; കെപിസിസിയുടെ പലസ്തീന്‍ ഐക്യദാർഢ്യറാലി 23 ന് കോഴിക്കോട് കടപ്പുറത്ത്

 

കോഴിക്കോട്: കെപിസിസി സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറം തന്നെ വേദിയാകുമെന്ന് സ്വാഗതസംഘം ചെയർമാൻ എം.കെ. രാഘവൻ എംപി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി റാലി ഉദ്ഘാടനം ചെയ്യും. നവംബർ 23 നാണ് കെപിസിസിയുടെ പലസ്തീൻ ഐക്യദാർഢ്യ റാലി.

നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് കടപ്പുറം പലസ്തീൻ റാലിയിലൂടെ മറ്റൊരു ചരിത്ര സംഭവത്തിനു കൂടി സാക്ഷിയാവുകയാണ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി റാലി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ഇവർക്ക് പുറമേ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും റാലിയിൽ പങ്കെടുക്കും.

പലസ്തീൻ ജനതയ്ക്കൊപ്പം എന്നും സമാധാനത്തിനായി എന്നും നിലകൊണ്ട പാർട്ടിയാണ് കോൺഗ്രസ്. നാനാ ഭാഗങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം കോഴിക്കോട് കടപ്പുറം റാലിക്ക് അനുവദിക്കാൻ നിർബന്ധിതരായത്. അരലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന മഹാ റാലിയായി പലസ്തീൻ റാലി മാറും എന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് അഡ്വക്കറ്റ് പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, മുൻ ഡിസിസി പ്രസിഡന്‍റ് കെ.സി. അബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Comments (0)
Add Comment