കെപിസിസി വയനാട് പുനരധിവാസ ഫണ്ട്: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി

 

കല്‍പ്പറ്റ: കെപിസിസി വയനാട് പുനരധിവാസ ഫണ്ടിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി  പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് രാഹുല്‍ ഗാന്ധി എംപി ഒരുമാസത്തെ ശമ്പളമായ 2,30,000 രൂപ സംഭാവന നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

വീടും ജീവനോപാധിയും നഷ്ടപ്പെട്ട വയനാട് ജനതയെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് ദുരന്തസ്ഥലം സന്ദര്‍ശിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രഖ്യാപനം കെപിസിസി ഏറ്റെടുത്ത് കൊണ്ട് അതിനാവശ്യമായ ഫണ്ട് ശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. അതിന്‍റെ ഭാഗമായി സ്റ്റാന്‍ഡ് വിത്ത് വയനാട്-ഐഎന്‍സി എന്ന മൊബൈല്‍ ആപ്പ് ധനസമാഹരണത്തിന് ഒരുക്കി.

വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടിഘടകങ്ങളും പോഷകസംഘടനകളും സെല്ലുകളും എംപിമാരും എംഎല്‍എമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാവുന്നതാണ്. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സംഭാവന നല്‍കിയ വ്യക്തിക്ക് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും ഒപ്പോടുകൂടിയ ഡിജിറ്റല്‍ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കും.

ഡിജിറ്റല്‍ രസീത് ആപ്പ് വഴി പ്രിന്‍റെടുക്കാനുള്ള സൗകര്യവുമുണ്ട്. ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനായി ഒമ്പത് അംഗ കമ്മിറ്റിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ജില്ലാതലത്തില്‍ ഉപസമിതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ദുരന്തം നടന്ന വയനാട് ജില്ലയിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കെപിസിസി ഒഴിവാക്കിയിട്ടുണ്ട്.

Comments (0)
Add Comment