സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിന് താക്കീതായി കോണ്‍ഗ്രസിന്‍റെ വിശ്വാസസംരക്ഷണ മഹായാത്ര

ശബരിമല പ്രശ്നം പരിഹരിക്കാനുള്ള അവസാന അവസരവും മുഖ്യമന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അൽപം പോലും വിവേകമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പിണറായിയെ സംബന്ധിച്ച് വിശ്വാസം എന്നത് അനാചാരമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടിയും അഭിപ്രായപ്പെട്ടു. കോൺഗ്രസിന്‍റെ വിശ്വാസ സംരക്ഷണ ജാഥയ്ക്ക് സമാപനം കുറിച്ചുകൊണ്ട് പത്തനംതിട്ടയിൽ നടന്ന മഹാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കൾ.

ഒരു ലക്ഷത്തിലധികം പ്രവർത്തകരെയും പ്രൗഢമായ സദസിനെയും സാക്ഷിയാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
വർഗീയത തുരത്താനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ യുവതികളെ കയറ്റുമെന്ന നിർബന്ധബുദ്ധി മുഖ്യമന്ത്രി കാണിക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

ശബരിമലയിൽ സി.പി.എമ്മും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ശബരിമല വിഷയം ഇത്രയും സങ്കീർണമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും എന്നാൽ ശബരിമലയെ കലാപഭൂമിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

ശബരിമലയിൽ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് മുഖ്യമന്ത്രി ഇപ്പോഴും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. വിശ്വാസ സമൂഹത്തിന്‍റെ മനസിൽ സർക്കാർ ഏൽപിച്ച മുറിവ് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ജാഥാ ക്യാപ്റ്റൻമാർക്ക് പുറമെ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാൻ, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസൻ, മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യൻ, എം.പിമാരായ ശശി തരൂർ, ആന്‍റോ ആന്‍റണി, എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ വലിയ നിരയാണ് മഹാ സമ്മേളനത്തിൽ അണിനിരന്നത്.

Sabarimalamahasangamam
Comments (0)
Add Comment