ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കെപിസിസി നേതൃയോഗങ്ങൾ ഇന്ന്

Jaihind Webdesk
Tuesday, May 14, 2019

Mullappally-Ramachandran-KPCC

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് രാവിലെ പത്തിന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ യോഗം ചേരും. രാവിലെ പത്തിന് ചേരുന്ന വിശാല യോഗത്തിന് ശേഷം ഉച്ചയ്ക്ക് മൂന്നിന് രാഷ്ട്രീയ കാര്യ സമിതി യോഗവും നടക്കും. രണ്ട് യോഗങ്ങളിലും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.

കെപിസിസി ഭാരവാഹികൾ, ഡി.സി.സി. പ്രസിഡന്‍റുമാർ, പാർലമെന്‍റ് നിയോജക മണ്ഡലം സ്ഥാനാർത്ഥികൾ എന്നിവരുടെ സംയുക്ത യോഗമാണ് രാവിലെ പത്തിന് ചേരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച 16 മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ യോഗം വിശദമായി വിലയിരുത്തും. ഓരോ ജില്ലയിലെയും ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ എകോപനം സംബന്ധിച്ച വിഷയങ്ങളും യോഗത്തിൽ ചർച്ചയാവും.

കെ.പി.സി.സി ഭാരവാഹികൾക്ക് പുറമേ14 ഡിസിസി അധ്യക്ഷന്മാരടക്കം പങ്കെടുക്കുന്ന യോഗത്തിൽ അതത് ജില്ലകളിലെ പോരായ്മകളും നേട്ടങ്ങളും സംബന്ധിച്ച് തുറന്ന ചർച്ചയാവും നടക്കുക.  ഇതിനു പുറമേ കള്ളവോട്ട് വിഷയത്തിൽ എടുക്കേണ്ട തുടർനടപടികൾ വിശദമായി വിലയിരുത്തുന്ന യോഗത്തിൽ പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ഉയർന്ന ആരോപണവും പരിശോധിക്കും. കള്ളവോട്ട് സ്ഥിരികരിച്ച കാസർകോട് പിലാത്തറയിലെ ബൂത്തിലടക്കം നൂറിൽ പരം ബൂത്തുകളിൽ യു.ഡി.എഫ് റീ പോളിംഗ് ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ തുടർനടപടികളെപ്പറ്റിയുള്ള ആലോചനയും സജീവമായി നടക്കും.

തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പോസ്റ്റൽ ബാലറ്റുകൾ പൊലീസ് അസോസിയേഷൻ ശേഖരിച്ച നടപടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ച് കൂടുതൽ അന്വേഷണങ്ങൾക്ക് ശുപാർശ ചെയ്തിരുന്നു. ഇതേത്തുടർന്ന് നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തെപ്പറ്റിയുള്ള വിലയിരുത്തലുകളും നടക്കും. ഉച്ചയ്ക്ക് ശേഷം മുതിർന്ന നേതാക്കളടക്കം പങ്കെടുക്കുന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാവും എല്ലാ വിഷയങ്ങളും സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. രണ്ട് യോഗങ്ങളിലും അധ്യക്ഷത വഹിക്കുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പുറമേ എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വർക്കിംഗ് പ്രസിഡൻറുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ, മുൻ കെപിസിസി അധ്യക്ഷന്മാർ തുടങ്ങിയവരും സന്നിഹിതരായിരിക്കും.