ശിവന്‍കുട്ടിയുടെ രാജി : സമരപരമ്പരകളുമായി കെപിസിസി ; ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കും

തിരുവനന്തപുരം :  നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് നേമം നിയോജക മണ്ഡലത്തില്‍ രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ക്ക് കെപിസിസി രൂപം നല്‍കി.

ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള നേമം മണ്ഡലത്തിലെ സമര പരമ്പരകളുടെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 4ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിച്ചു. ആഗസ്റ്റ് ഏഴിന് കരമനയും 9ന് നേമം ബ്ലോക്ക് കമ്മറ്റികള്‍ ചേരും. തുടര്‍ന്ന് 11-ാം തീയതിവരെ മണ്ഡലം കമ്മറ്റികളുടെ യോഗം ചേരും. ഒക്ടോബര്‍ ഒന്നിന് കേരള ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കിക്കൊണ്ട് സമരപരമ്പരകള്‍ക്ക് സമാപനം കുറിക്കും.

നേതൃയോഗങ്ങള്‍, മണ്ഡലം തലത്തില്‍ പദയാത്ര, ഭീമഹര്‍ജി, ഒപ്പുശേഖരണം, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പോഷകസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍, പന്തം കൊളുത്തി പ്രകടനം, സത്യാഗ്രഹങ്ങള്‍, ഭവന സന്ദര്‍ശനം തുടങ്ങി വിപുലമായ സമരപരിപാടികള്‍ക്കാണ് രൂപം നല്‍കിയത്.

ആഗസ്റ്റ് 12 മുതല്‍ 31 വരെ ഒപ്പുശേഖരണം നടത്തും. മണ്ഡലം പദയാത്രകള്‍ സെപ്റ്റംബര്‍ 3 മുതല്‍ 14 വരെ സംഘടിപ്പിക്കും.പോഷക സംഘടനകളുടെ പദയാത്ര സെപ്റ്റംബര്‍ 15 മുതല്‍ 20 വരെയും 23ന് വാര്‍ഡ് തലത്തില്‍ പന്തം കൊളുത്തി പ്രകടനവും 25ന് വാര്‍ഡ് തലത്തില്‍ സത്യാഗ്രഹവും നടത്തും. 28 മുതല്‍ 30 വരെ ഭവന സന്ദര്‍ശനവും സംഘടിപ്പിക്കും.

Comments (0)
Add Comment