പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി. പദ്മനാഭന്


കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സമഗ്ര സാഹിത്യ സംഭാവനക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരത്തിന് പ്രമുഖ കഥാകൃത്ത് ടി.പദ്മനാഭന്‍ അര്‍ഹനായതായി ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം പ്രസ്് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2023 ഡിസംബറില്‍ പുരസ്‌കാര ദാന ചടങ്ങ് നടക്കും. യു.കെ.കുമാരന്‍, ഗ്രേസി, സുധാ മേനോന്‍, അഡ്വ.പഴകുളം മധു എന്നിവര്‍ ആയിരുന്നു. അവാര്‍ഡ് നിര്‍ണ്ണയ സമതിയിലെ മറ്റു അംഗങ്ങള്‍.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് പുരസ്‌കാരം നല്‍കുന്നത്. നവതി പിന്നിട്ട പത്മനാഭന്റെ സമഗ്രമായ സാഹിത്യ സംഭാവനകളും ശ്രദ്ധേയ ഇടപെടലുകളും കണക്കിലെടുത്താണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സാഹിത്യത്തിലും സാംസ്‌കാരിക തലത്തിലും വേറിട്ട രീതികള്‍ക്ക് തുടക്കം കുറിച്ച പത്മനാഭന്‍ ഒരു കാലഘട്ടത്തിന്റെ വക്താവു കൂടിയാണ്. സാഹിത്യ മേഖലയില്‍ പ്രത്യേകിച്ച് കഥാ സാഹിത്യ രംഗത്ത് ചെലുത്തിയ സ്വാധീനം, ജനപക്ഷ നിലപാടുകള്‍, ശക്തമായ പ്രതികരണങ്ങള്‍, പുതിയ ആഖ്യാന ശൈലി തുടങ്ങിയവ പത്മനാഭന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധു, എഴുത്തുകാരിയും ജൂറി അംഗവുമായ ഗ്രേസി, സെക്രട്ടറി ബിന്നി സാഹിതി എന്നിവരും പങ്കെടുത്തു.

 

Comments (0)
Add Comment