വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ; മുല്ലപ്പള്ളി രാമചന്ദ്രന്‍ നവംബര്‍ 4 ന് ഉപവസിക്കും

Jaihind Webdesk
Friday, November 1, 2019

വാളയാറില്‍ ദളിത് ബാലികമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നവംബര്‍ നാലിന് ഏകദിന ഉപവാസം നടത്തും. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ‘മാനിഷാദ’ ജനകീയ കൂട്ടായ്മയുടെ ഭാഗമായാണ് ഏകദിന ഉപവാസമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

നവംബര്‍ 4 ന് പാലക്കാട് കോട്ടമൈതാനിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം. രാവിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉപവാസം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

നവംബര്‍ രണ്ടാം തീയതി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാളയാറിലെത്തി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണും. നവംബര്‍ 5 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ജനകീയ കൂട്ടായ്മയും മറ്റിടങ്ങളില്‍ ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ജനകീയ മുന്നേറ്റ സംഗമങ്ങളും സംഘടിപ്പിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (തിരുവനന്തപുരം), മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസ്സന്‍ (കൊല്ലം), ജോസഫ് വാഴയ്ക്കന്‍ (ആലപ്പുഴ), ആന്‍റോ ആന്‍റണി എം.പി (പത്തനംതിട്ട), ഡീന്‍ കുര്യാക്കോസ് എം.പി (ഇടുക്കി), തമ്പാനൂര്‍ രവി (കോട്ടയം), ബെന്നി ബഹന്നാന്‍ എം.പി (എറണാകുളം), ശൂരനാട് രാജശേഖരന്‍ (തൃശൂര്‍), ആര്യാടന്‍ മുഹമ്മദ് (മലപ്പുറം), എം.കെ രാഘവന്‍ എം.പി (കോഴിക്കോട്), കെ.പി കുഞ്ഞിക്കണ്ണന്‍ (വയനാട്), കെ സുധാകരന്‍ എം.പി (കണ്ണൂര്‍), രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി (കാസര്‍ഗോഡ്) എന്നിവര്‍ ജനകീയ മുന്നേറ്റ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും.