മുഖ്യമന്ത്രി കേരളത്തിന് ബാധ്യത : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, November 1, 2020

അന്താരാഷ്ട്രമാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ ഗൗരവകരമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ നിസംഗഭാവത്തില്‍ താന്‍ ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുന്നെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രിയില്‍ നിന്ന് സംസ്ഥാനത്തിന് ഒരു മോചനം ലഭിക്കണം. വഞ്ചനയുടെ നാലരവര്‍ഷകാലത്തിലൂടെയാണ് സംസ്ഥാനം കടന്നുപോയത്. അഴിമതി, സ്വജനപക്ഷപാതം വഴിവിട്ട നിയമനം എന്നിവ ഒരു ആചാരമെന്ന നിലയിലാണ് ഇടതുസര്‍ക്കാര്‍ ഭരണകാലത്ത് സംസ്ഥാനത്ത് നടന്നത്. സര്‍ സി.പിയെ തോല്‍പിക്കുന്ന രീതിയില്‍ നാടുകണ്ട എറ്റവും വലിയ സര്‍വാധിപതിയെന്ന രൂപത്തിലാണ് മുഖ്യമന്ത്രി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തോന്ന്യവാസവും അഹങ്കാരവും സഹിക്കാവുന്നതിലും അധികമാണ്. മുഖ്യമന്ത്രിയെ അത്രയേറെ ജനങ്ങള്‍ സഹിച്ചു കഴിഞ്ഞിരിക്കുന്നു. ക്ഷമക്കും സഹനത്തിനും അതിരുണ്ടെന്ന് ജനവിധിയിലൂടെ സമൂഹം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കാറ്റാടി നിക്ഷേപം ഞെട്ടിക്കുന്നത്

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നാഗര്‍കോവിലിലെ കാറ്റാടിപാടങ്ങളില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയും കോടികളുടെ നിക്ഷപം നടത്തുവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എങ്ങനെയാണ് സാധിച്ചത്. ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയിട്ടുള്ള അഴിമതികളെല്ലാം അദ്ദേഹത്തിന്റെ അനുമതിയോടെ നടന്നിട്ടുള്ളതാണ്. ശിവശങ്കര്‍ കാറ്റാടിപാടങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കോടികള്‍ അദ്ദേഹത്തിന്റെ മാത്രം പണമല്ല. നാടു ഭരിക്കുന്ന ഭരണാധികള്‍ കൊള്ളയടിച്ച് നേടിയ പണത്തിന്റെ ഭാഗം കൂടിയാണ്. അല്ലെങ്കില്‍ അത് തെളിയിക്കാന്‍ ഭരണാധികള്‍ തയാറാകണം. മുഖ്യമന്ത്രി ശിവശങ്കരന്‍റെ നിയമനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാര്‍ട്ടി നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു പണ്ട്കാലങ്ങളിലെ സിപി.എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗങ്ങള്‍. മഹാരഥന്‍മാര്‍ പിബിയിലും കേന്ദ്രകമ്മിറ്റിയിലും കാര്യങ്ങള്‍ നിര്‍ണ്ണയിച്ച കാലമുണ്ടായിരുന്നു.പാര്‍ട്ടിയുടെ സുപ്രാധാനമായ കേന്ദ്ര കമ്മിറ്റി യോഗം നടക്കുമ്പോള്‍ അവിടെ സി.പിഎമ്മിന്റെ ഏക ഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയും സത്യസന്ധമായ വിലയിരുത്തലുകളും നടത്തേണ്ടതായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. പാര്‍ട്ടി നേതാക്കന്മാര്‍ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളും സംശയത്തിന് അതീതരായിരിക്കണണെന്നാണ് 2009ലെ സി.പി.എമ്മിന്റെ തിരുത്തല്‍ രേഖയില്‍ പറഞ്ഞിരിക്കുന്നത്. അതേ പാര്‍ട്ടി ഇന്ന് ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ മുങ്ങിത്താഴുകയാണ്.പാര്‍ട്ടി സെക്രട്ടറിയുടെ മകനും മുഖ്യമന്ത്രിയുടെ ഓഫീസുമെല്ലാം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.