ഇടിമുറികള്‍ ഇപ്പോഴും സജീവം, എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തണം: കെ. സുധാകരന്‍ എംപി

 

തിരുവനന്തപുരം: എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെഎസ്‌യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ കുട്ടിസഖാക്കള്‍ മര്‍ദ്ദിച്ചത്. പ്രതിഷേധ സ്ഥലത്തെത്തിയ എം. വിന്‍സെന്‍റ് എംഎല്‍എയെ എസ്എഫ്ഐക്കാര്‍ കയ്യേറ്റം ചെയ്തപ്പോള്‍ പോലീസുകാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും കെ. സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്നാണ് എംഎല്‍എമാരായ എം. വിന്‍സെന്‍റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ പ്രവര്‍ത്തകർക്കൊപ്പം പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. അത് ജനപ്രതിനിധികളുടെ കടമകൂടിയാണ്. അതുകൊണ്ടുമാത്രമാണ് അക്രമം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പേരിനെങ്കിലും കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്. അതിന്‍റെ പ്രതികാരമാണ് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള പോലീസിന്‍റെ കള്ളക്കേസ്. ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎമ്മിന്‍റെയും അവര്‍ക്ക് സഹായം നല്‍കുന്ന പോലീസിന്‍റെയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു.

എസ്എഫ്ഐയുടെ ആക്രമണത്തില്‍ പോലീസുകാരന് പരുക്കേറ്റതിന്‍റെ പേരില്‍ കെഎസ്‌യുവിന്‍റെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല. അധ്യാപകന്‍റെ കാല്‍ വെട്ടുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും കാമ്പസുകളില്‍ അക്രമങ്ങള്‍ നടത്തുകയും നിരപരാധികളായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന കുട്ടിസഖാക്കളെ സംരക്ഷിക്കുന്നതിലൂടെ സിപിഎം ഭാവിയിലേക്കുള്ള ക്വട്ടേഷന്‍ സംഘത്തെ വാര്‍ത്തെടുക്കുകയാണ്. എസ്എഫ്ഐക്ക് സ്വാധീനമുള്ള കലാലയങ്ങളില്‍ ഇടിമുറികള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് ഇടതനുകൂലികളായ അധ്യാപകരുടെ സഹായവും ലഭിക്കുന്നുണ്ട്.

എസ്എഫ്ഐയുടെയും സിപിഎമ്മിന്‍റെയും അക്രമരാഷ്ട്രീയത്തെ വിദ്യാര്‍ത്ഥികള്‍ പടിക്കുപുറത്താക്കുന്ന കാഴ്ചയാണ് കാമ്പസ് തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ ജനവിധി എതിരായിട്ടും തിരുത്താന്‍ സിപിഎം തയാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍ എസ്എഫ്ഐയില്‍ നിന്ന് തുടങ്ങുന്നതാണ് ഉചിതം. അതല്ലാതെ അക്രമം തുടരാനാണ് ഉദ്ദേശ്യമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരും. അത് മുന്നില്‍ കണ്ട് സ്വയംതിരുത്താന്‍ എസ്എഫ്ഐയെ ഉപദേശിക്കുന്നതാണ് സിപിഎമ്മിന് നല്ലതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

Comments (0)
Add Comment