ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്വതന്ത്രമായി നിലനിർത്തുക; ‘പൊന്നുരുക്കി സമര’വുമായി കെപിസിസി ഒബിസി ഡിപാര്‍ട്മെന്‍റ്

Jaihind News Bureau
Wednesday, July 1, 2020

 

പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കുകയെന്ന സർക്കാരുകളുടെ ലക്ഷ്യത്തിന്‍റെ  അവസാനത്തെ ഉദാഹരണമാണ് ആഭരണ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സമാനസ്വഭാവമില്ലാത്ത ഷോപ്‌സ് ആൻറ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ്  ക്ഷേമനിധിയിൽ ലയിപ്പിക്കുന്നതെന്ന് കെപിസിസി ഒബിസി ഡിപാര്‍ട്മെന്‍റ്. പ്രത്യേക പരിഗണന ലഭിക്കേണ്ട പിന്നാക്ക വിഭാഗത്തിൽപെട്ട പരമ്പരാഗതമായി ആഭരണ നിർമ്മാണ പ്രവൃത്തി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ആ സംരക്ഷണവലയത്തിൽ നിന്ന് പുറത്താക്കുന്നത് നീതികരിക്കാൻ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളാണ് പരമ്പരാഗത തൊഴിൽ മേഖലയിലെ ഭൂരിപക്ഷം പേരും. പരമ്പരാഗത തൊഴിൽ മേഖലകളെ തകർക്കുക എന്നു പറഞ്ഞാല്‍ പിന്നോക്ക വിഭാഗക്കാരോടുള്ള യുദ്ധപ്രഖ്യാപനമാണ്. വിശ്വകർമ്മ സമുദായത്തെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുകയും ആ ഉത്തരവിൽ തന്നെ ഇത് ക്രീമിലെയർ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾക്ക് ബാധകമല്ല എന്ന വിചിത്രമായ ഉത്തരവ് നിലനിൽക്കുകയാണ്. പരമ്പരാഗത തൊഴിലാളിയെ വ്യവസായ തൊഴിലാളിയായി മാറ്റി പ്രത്യേക പരിഗണക്കു പുറത്താക്കാനുള്ള വ്യഗ്രത മുതലാളിത്ത സമീപനമാണ്. ഒരുഇടതുപക്ഷ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല.

ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്വതന്ത്രമായി നിലനിർത്തണമെന്നും, പരമ്പരാഗത തൊഴിൽമേഖലകളെ തകർക്കരുതെന്നുംആവശ്യപ്പെട്ട്  02-07-20 വ്യാഴം രാവിലെ 10 മണിക്ക് തിരുവനന്തപുരം പാളയത്തുള്ള തൊഴിൽ ഭവനുമുന്നിൽ ‘പൊന്നുരുക്കി സമരം’ നടത്തി സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പൊന്നുരക്കി സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ്അച്യുതൻ അധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.