കെപിസിസി അംഗത്വ വിതരണത്തിൽ മലപ്പുറം ഒന്നാമത് :ജില്ലയില്‍ മാത്രം ഒന്നരലക്ഷം പുതിയ അംഗങ്ങള്‍

Jaihind Webdesk
Friday, April 15, 2022

മലപ്പുറം: കെപിസിസി  ഓൺലൈൻ അംഗത്വ വിതരണത്തിൽ സംസ്ഥാനത്ത് ഒന്നാമതായി മലപ്പുറം ജില്ല. ഒന്നര ലക്ഷത്തോളം അംഗങ്ങളെ ചേർത്താണ് മലപ്പുറം ഒന്നാമതായത്. വണ്ടൂർ നിയോജക മണ്ഡലമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമസഭാ മണ്ഡലം.

മാർച്ച് 25 ന് തുടങ്ങിയ കോൺഗ്രസ് ഓൺലൈൻ അംഗത്വ വിതരണം ഇന്ന് അവസാനിക്കുമ്പോൾ മലപ്പുറം ഡി.സി.സി നേട്ടമുണ്ടാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോൺഗ്രസ് ഓൺലൈൻ അംഗങ്ങളുള്ള ജില്ല എന്ന നേട്ടമാണ് മലപ്പുറം സ്വന്തമാക്കിയത്. ജില്ലയിലെ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ വണ്ടൂരും നിലമ്പൂരുമാണ് സംസ്ഥാനത്ത് തന്നെ കൂടുതൽ അംഗങ്ങളുള്ള നിയോജകമണ്ഡലങ്ങൾ.

ഇരുപത്തി അയ്യായിരത്തിലധികം പേരാണ് വണ്ടൂരിൽ ഓൺലൈനായി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. തൊട്ട് താഴെയുള്ള നിലമ്പൂർ മണ്ഡലത്തിൽ അംഗങ്ങളുടെ എണ്ണം പതിനെട്ടായിരം കടന്നു.

നാലായിരത്തിൽ താഴെ അംഗങ്ങളുള്ള താനൂർ നിയോജക മണ്ഡലമാണ് കോൺഗ്രസ് അംഗങ്ങളുടെ എണ്ണത്തിൽ പിറകിൽ. ഏറനാട്, മഞ്ചേരി,പൊന്നാനി, വള്ളിക്കുന്ന്, കോട്ടക്കൽ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, തവനൂർ, വേങ്ങര, കൊണ്ടോട്ടി എന്നീ നിയോജക മണ്ഡലങ്ങളിൽ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്. കോൺഗ്രസ് ഓൺലൈൻ അംഗങ്ങളുടെ എണ്ണത്തിൽ സംസ്ഥാന തലത്തിൽ മലപ്പുറത്തിന് പിന്നിൽ തൃശൂർ ജില്ല രണ്ടാം സ്ഥാനത്തും എറണാകുളം മൂന്നാം സ്ഥാനത്തുമാണ്.