വണ്ടിപ്പെരിയാറില്‍ കെപിസിസി ജനകീയ കൂട്ടായ്മ ജനുവരി 7 ന്; കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും

 

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ‘മകളേ മാപ്പ്’ എന്ന പേരില്‍ ജനുവരി 7-ന്  ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനകീയ കൂട്ടായ്മയില്‍ പങ്കെടുക്കും.

വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസുകാരിയുടെ കൊലപാതകിക്ക് ശിക്ഷയും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിയും ഉറപ്പാക്കുക, പ്രതിക്ക് രക്ഷപെടാന്‍ കേസ് അട്ടിമറിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയും അന്വേഷണത്തിലെയും വിചാരണയിലെയും പിഴവുകള്‍ തിരുത്തി ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇതിനായി കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു, രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എസ്. അശോകന്‍, ജോസി സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഏഴംഗ സംഘാടക സമിതിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. വി.പി. സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരെ ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തി.

ഡിസംബര്‍ 17-ന് വണ്ടിപ്പെരിയാർ വിഷയത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സായാഹ്ന ധര്‍ണ്ണ നടത്തിയിരുന്നു. ആറുവയസുകാരി ബാലികയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരളത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. എന്നിട്ടും പ്രതിയുടെ രാഷ്ട്രീയം കണക്കിലെടുത്ത് തെളിവുകള്‍ ഇല്ലാതാക്കി നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി. കൊലപാതകവും പീഡനവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും കുറ്റം തെളിയിക്കാന്‍ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചില്ല. ഇരുവരും ഒത്തുകളിച്ച് ഡിവൈഎഫ് ഐക്കാരനായ പ്രതിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Comments (0)
Add Comment