ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി തേടിയും യു.പി പൊലീസിന്‍റെ അതിക്രമത്തിനുമെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സത്യഗ്രഹം | Video

Jaihind News Bureau
Monday, October 5, 2020

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കാൻ വേണ്ടിയും രാഹുല്‍ ഗാന്ധി എം.പിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും എതിരായ യു.പി പൊലീസിന്‍റെ അതിക്രമത്തില്‍ പ്രതിഷേധിച്ചും കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ഡി.സി.സി ആസ്ഥാനത്ത് നടന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്‌ കണ്‍വീനര്‍ എം.എം ഹസന്‍ തുടങ്ങിയവരും പ്രതിഷേധത്തിന്‍റെ ഭാഗമായി.

കെ.പി.സി.സി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം ഉയർന്നത്. രാജ്യം ഭരിക്കുന്നത് ഏകാധിപതിയാണെന്നും മോദിയുടെ ഭരണത്തിന് കീഴിൽ ആർക്കും എന്തും ആകാമെന്ന നിലയായെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തിരുവനന്തപുരം ഡി.സി.സിയില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാത്രസിൽ നടന്നത് ഇന്ത്യയെ നടുക്കിയ സംഭവമാണെന്നും കേസിലെ കുറ്റവാളികളെ തൂക്കിലേറ്റണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.

യു.പി സർക്കാരിന്‍റെ ഭരണകൂട ഭീകരതയാണ് ഹത്രസിൽ കണ്ടതെന്നും യോഗി ആദിത്യനാഥിന്‍റേത് ഫാസിസ്റ്റ് ഭരണമാണെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

ഒറ്റപ്പെട്ട ആക്രമണമല്ല ഹാത്രസിലേതെന്നും ജാതിവിവേചനത്തിന്‍റെ അഴിഞ്ഞാട്ടം നടക്കുന്ന സംസ്ഥാനമാണ് യു.പിയെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അഭിപ്രായപ്പെട്ടു.

ഡി. സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, വി.എസ് ശിവകുമാർ എം.എൽ.എ, മുൻ ഡി.സി.സി അധ്യക്ഷൻ കെ മോഹൻകുമാർ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.