വര്‍ഗീയതയെ തുരത്തുക, വിശ്വാസം സംരക്ഷിക്കുക; KPCC പ്രചാരണജാഥ നവംബര്‍ 9 മുതല്‍

Jaihind Webdesk
Tuesday, October 23, 2018

വര്‍ഗീയതയെ തുരത്തുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രചാരണജാഥ നവംബര്‍ 9 മുതല്‍ ആരംഭിക്കും.

നവംബര്‍ 15ന് ജാഥകള്‍ പത്തനംതിട്ടയില്‍ സംഗമിച്ച് മഹാസമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്യും.

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന പദയാത്ര തൊടുപുഴയില്‍ നിന്നും രാവിലെ 10ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

ആലപ്പുഴയില്‍ നിന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി നയിക്കുന്ന കാല്‍നട ജാഥ നവംബര്‍ 10ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരത്ത് നിന്നും കെ.പി.സി.സി പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍ എം.എല്‍.എ നയിക്കുന്ന പ്രചാരണജാഥ നവംബര്‍ 11ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍ നയിക്കുന്ന വാഹനപ്രചരണ ജാഥ മഞ്ചേശ്വരത്ത് നിന്നും നവംബര്‍ 10ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ ഉദ്ഘാടനം ചെയ്യും.