അലനെയും താഹയെയും സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ; താഹയുടെ കുടുംബത്തിന് കെപിസിസി അഞ്ചുലക്ഷം നൽകും

Jaihind News Bureau
Monday, October 19, 2020

 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട കോഴിക്കോട് പന്തീരാങ്കാവിലെ അലനെയും താഹയെയും യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം കെ മുനീർ തുടങ്ങിയവർ താഹയുടെ വീട്ടിലെത്തി. താഹയുടെ കുടുംബത്തിന് സ്വന്തം വീടില്ലെന്ന് മനസ്സിലാക്കിയതിനാല്‍ കെപിസിസിയുടെ ഫണ്ടിൽ നിന്നും താഹയുടെ കുടുംബത്തിന് അഞ്ചുലക്ഷം നൽകുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.

യുഎപിഎ ചുമത്താൻ നിയമപരമായി സാധ്യതയില്ലാത്ത കുറ്റത്തിൽ യുഎപിഎ ചുമത്തുകയും ഒടുവിൽ കോടതിയിൽ നിന്നും ഇവർക്ക് അനുകൂലമായ നിലപാടുണ്ടായപ്പോൾ അതിനെതിരെ അപ്പീൽ നൽകുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്‍റെ ഇരകളാണ് അലനും താഹയുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിന് കീഴിൽ സ്വന്തം പാർട്ടിപ്രവർത്തകർക്ക് പോലും നേരിടേണ്ടിവരുന്ന അനീതിയുടെ നേർസാക്ഷ്യമാണ് അലനും താഹയും. യുഎപിഎ കേസിൽ കുറ്റാരോപിതനായ അലൻ ശുഹൈബും താഹ ഫസലും പത്തു മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്.