കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടം : സംസ്കാരം ഇന്ന്

Jaihind Webdesk
Wednesday, February 23, 2022

കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ അഭിനയ രംഗത്തെ സ്ത്രീകരുത്തിനെയാണ് മലയാള സിനിമക്ക് നഷ്ടമായിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കി അഞ്ച് പതിറ്റാണ്ടിലേറെക്കാലം അഭ്രപാളിയിൽ വിസ്മയം തീർത്ത കെപിഎസി ലളിത വിടവാങ്ങുമ്പോഴും മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ലളിത അഭിനയിച്ച് തീർത്ത ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ എന്നും ഓർമ്മിക്കപ്പെടും.

കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെപിഎസി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. സ്കൂൾ കാലം മുതൽ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ ‘പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ. എന്ന ഗാനത്തിന് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെപിഎസിയിലെത്തി. കെപിഎസിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെപിഎസി ലളിതയാവുന്നത്.

വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ കെപിഎസി ലളിത ശ്രദ്ധനേടി. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1970-ൽ കെഎസ് സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സഹനായിക വേഷങ്ങളിലായിരുന്നു കെപിഎസി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങൾ, ദാരിദ്ര്യത്തിന്‍റെയും ജീവിത പ്രാരാബ്ധത്തിന്‍റെയും പ്രതീകങ്ങളായമായ വേഷങ്ങൾ ലളിത അതിഗംഭീരമാക്കി. അമ്പത് വർഷത്തിലധികം അഭിനയരംഗത്ത് വേഷമിട്ട് അറനൂറിലേറെ സിനിമകളിൽ ലളിത നിറഞ്ഞാടി.

അഭിനയത്തികവിന്‍റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്‍റെ അമരം, ജയരാജിന്‍റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്കാരം. നീല പൊൻമാൻ, ആരവം, അമരം, കടിഞ്ഞൂൽകല്യാണം- ഗോഡ്ഫാദർ-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്കാരവും നേടി. 1978ലായിരുന്നു സംവിധായകൻ ഭരതനെ കെപിഎസി ലളിത ജീവിത പങ്കാളിയാക്കുന്നത്. വിവാഹശേഷം ഭരതന്‍റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ ചില ഉദാരഹണങ്ങളാണ്. 1998 ഭർത്താവ് ഭരതൻ മരണപ്പെട്ടതിനുശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിത, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും സജീവമായി.

ഗജകേസരിയോഗം, അപൂർവ്വം ചിലർ, കോട്ടയം കുഞ്ഞച്ചൻ, മക്കൾ മാഹാത്മ്യം, ശുഭയാത്ര, മൈഡിയർ മുത്തച്ഛൻ, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, അർജുനൻ പിള്ളയും അഞ്ചു മക്കളും,പാവം പാവം രാജകുമാരൻ, ഗോഡ്ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ കഥാപാത്രങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തതാണ്.കാതലുക്ക് മര്യാദൈ, മണിരത്നത്തിന്‍റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങൾ. കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ അധ്യക്ഷയാണ്.സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.അഭ്രപാളിയിൽ മലയാള പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞ അഭിനയ വിസ്മയത്തിന് ജയ്ഹിന്ദ് ടിവിയുടെ പ്രണാമം.

സംസ്‌കാരം ഇന്ന് വൈകീട്ട് തൃശൂർ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് അഞ്ച് മണിക്കാണ് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകൾ നടക്കുക.