എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു റിമാന്‍റില്‍; വധശ്രമത്തിനും ഗൂഡാലോചനക്കും കേസ്; റിമാന്‍റ് 14 ദിവസത്തേയ്ക്ക്

പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്  കോടതി പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  ഇതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയിൽ ജാമ്യ ഹർജി നൽകും.

കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റായ അഡ്വക്കേറ്റ് പ്രകാശ് ബാബു. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് നിലവിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിനാല്‍ കേസുകളില്‍ ജാമ്യമെടുക്കുന്നതിനുവേണ്ടിയാണ് പ്രകാശ് ബാബു റാന്നി കോടതിയില്‍ കീഴടങ്ങിയത്. ഏപ്രിൽ നാല് ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനം എടുത്തത്.

ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്‍റ് ജെ പദ്മകുമാറിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങളുള്‍പ്പെടെ തകർത്തു തുടങ്ങിയ കേസുകളില്‍ പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം രേഖപ്പെടുത്തി നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കണം. ഈ സാഹചര്യത്തിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി റാന്നി കോടതിയില്‍ കീഴടങ്ങിയത്.

Prakash Babu
Comments (0)
Add Comment