കോഴിക്കോട് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം: നോക്കുകുത്തിയായി സർക്കാരും വനം വകുപ്പും; പ്രാണഭയത്തില്‍ ജനം, പ്രതിഷേധം

 

കോഴിക്കോട്: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച കക്കയം പാലാട്ടിൽ ഏബ്രഹാമിന്‍റെ പോസ്റ്റ്മോർട്ടം നാളെ നടക്കും. വന്യജീവി ആക്രമണത്തില്‍ ജീവന്‍ പൊലിയുമ്പോഴും യാതൊരു പ്രായോഗിക നടപടികളും സ്വീകരിക്കാത്ത സർക്കാരിനും വനം വകുപ്പിനുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കോഴിക്കോട് കക്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.

കൃഷിയിടത്തില്‍ വെച്ചായിരുന്നു പാലാട്ടില്‍ ഏബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. വൈകിട്ടോടെയായിരുന്നു സംഭവം. ഏബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 69 വയസായിരുന്നു. അതേസമയം, പ്രദേശത്ത് നിരന്തരം കാട്ടുപോത്ത് ഇറങ്ങാറുണ്ടെന്നു പരിസരവാസികൾ പറഞ്ഞു. കഴിഞ്ഞദിവസം പ്രദേശത്ത് രണ്ടു കാട്ടുപോത്തുകള്‍ ഇറങ്ങിയിരുന്നു. ടൗണിൽ  അലഞ്ഞുനടന്ന കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യം ഇന്നലെ തന്നെ ജനങ്ങൾ ഉന്നയിച്ചിരുന്നു. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. എന്നാൽ വിഷയത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല.

ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു മടുത്തിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ജനങ്ങളുടെ ജീവന് വില കല്‍‌പ്പിക്കാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം കാട്ടുപോത്തിനെ വെടിവെക്കാൻ നിർദേശം നൽകിയതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. ഓരോ സംഭവവും ഉണ്ടാകുമ്പോള്‍ പറയുന്ന വാക്കുകള്‍ക്കപ്പുറം പ്രായോഗികമായ നടപടികളൊന്നും തന്നെ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് ജനം. മലയോര മേഖലകളിലെ ജനം പ്രാണഭയത്തില്‍ കഴിയുമ്പോഴും ഉറക്കം നടിക്കുകയാണ് സർക്കാർ.

Comments (0)
Add Comment