സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി കോഴിക്കോട് ജില്ല

Jaihind News Bureau
Wednesday, November 6, 2019

മൂന്ന് ദിവസമായി തൃശൂർ കുന്നംകുളത്ത് നടന്ന 53-ആമത് സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. പാലക്കാടിനാണ് രണ്ടാം സ്ഥാനം.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് ജില്ല കിരീടം ഉറപ്പിച്ചത്. 1374 പോയിന്റുകൾ നേടി 20 ഒന്നാം റാങ്കുകളും കരസ്ഥമാക്കിയാണ് കോഴിക്കോട് , നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് ജില്ലയെ മറികടന്നത്. 1374 പോയിന്‍റുകൾ പാലക്കാട് ജില്ലയ്ക്കും ലഭിച്ചുവെങ്കിലും ഒന്നാം റാങ്ക് 19 ൽ ഒതുങ്ങി. ഇതോടെ കോഴിക്കോട് കിരീടം നേടുകയായിരുന്നു. 1366 പോയിന്‍റ് നേടിയ കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 16 ഒന്നാം റാങ്ക് കണ്ണൂരിന് ലഭിച്ചു.

സംസ്ഥാന തലത്തിൽ മികച്ച സ്‌കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ് 141 പോയിന്റു നേടിയ പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം എച്ച് എസ് എസിനാണ്. രണ്ടാമത്തെ മികച്ച സ്‌കൂളായി വയനാട് ദ്വാരക എസ് എച്ച് എച്ച് എസ് എസ് സ്‌കൂളും മൂന്നാമത്തെ മികച്ച സ്‌കൂളായി കോഴിക്കോട് മേമുണ്ട സ്‌കൂളും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള പുരസ്‌കാരം കുന്ദംകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ സമ്മാനിച്ചു.

കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.