കോവൂർ കുഞ്ഞുമോൻ എംഎൽഎക്ക് മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ വിലക്ക്

ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ക്ക് പഞ്ചായത്ത് കമ്മിറ്റി വിലക്ക് ഏർപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി കൂടിയാണ് ഇടത് ആഭിമുഖ്യം പുലർത്തുന്ന എംഎല്‍എയെ പഞ്ചായത്തിലെ ഒരു കമ്മിറ്റിയിലും പരിപാടികളിലും പങ്കെടുപ്പിക്കരുതെന്ന തീരുമാനം എടുത്തിരിക്കുന്നത്.

ആർഎസ്പിയിൽ നിന്നും ഭിന്നിച്ച് സ്വതന്ത്രനായി മത്സരിച്ചു വിജയിക്കുകയും  ഇടതുമുന്നണിയ്ക്കാപ്പം പ്രവർത്തിയ്ക്കുകയും ചെയ്യുന്ന    വേളയിലാണ് ഇടതുമുന്നണി തന്നെ ഭരിക്കുന്ന പഞ്ചായത്തിൽ സ്ഥലം എംഎൽഎ യ്ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ  കാരാളിമുക്ക് കടപുഴ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് പഞ്ചായത്ത് കമ്മിറ്റിയും എംഎൽഎയും തമ്മിൽ കൊമ്പുകോർക്കാൻ ഇടയായത്. കിഫ്ബിയുടെ സഹായത്തോടെ നടക്കുന്ന റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎയും പഞ്ചായത്ത് കമ്മിറ്റിയും തമ്മിൽ തർക്കം നിലനിന്നിരുന്നു.

ഇതിനിടയിൽ കടപ്പാകുഴി ജംഗ്ഷനിലെ ഒരു കട ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം സ്റ്റേ ഉത്തരവ് ഉണ്ടായി. ഇതേ തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയും എംഎൽഎയും സംയുക്തമായി യോഗം ചേർന്നു. ഈ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ എംഎൽഎ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർത്തി. വിമർശനങ്ങൾ ശക്തമായതോടെ വനിതാ പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ പൊട്ടിക്കരഞ്ഞു. ഇതോടെ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം, സിപിഐ ഉൾപ്പെടെ ഇടതുമുന്നണിയിലെ ഭരണ സമിതി അംഗങ്ങളും എംഎൽഎക്കെതിരെ തിരിഞ്ഞു. യോഗം അലങ്കോലപ്പെട്ടു . തുടർന്നാണ് പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് എംഎൽഎയെ പഞ്ചായത്തിലെ തുടർ പ്രവർത്തനങ്ങളിലോ പരിപാടികളിലോ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്കെത്തിയത്.

Comments (0)
Add Comment