കൊവിഡ് നിയന്ത്രണങ്ങള്‍ സാധാരണക്കാർക്ക് മാത്രം; സിപിഎമ്മിന് ബാധകമല്ലെന്ന് കെസി വേണുഗോപാല്‍ എംപി

Jaihind Webdesk
Thursday, January 13, 2022

 

കേരളത്തിൽ ഓരോ വീട്ടിലും ഒരു കൊവിഡ് രോഗി എന്നതാണ് എൽഡിഎഫ് സർക്കാരിന്‍റെ ഇപ്പോഴത്തെ പ്രഖ്യാപിത ലക്ഷ്യമെന്ന് തോന്നിപ്പിക്കും വിധമാണ് ഈ മൂന്നാം തരംഗകാലത്തെ സർക്കാരിന്‍റെ നിയന്ത്രണങ്ങളെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇരട്ടത്താപ്പിന്‍റെ നേരെപിടിച്ച കണ്ണാടിയിൽ തെളിയുന്നത് സിപിഎമ്മിന്‍റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണമെന്ന് പറയുമ്പോൾ അത് രണ്ടാം തരക്കാരായ സാധാരക്കാർക്കു വേണ്ടിയുള്ളതാണ്. അതായത് കേരളത്തിൽ ഇപ്പോഴുള്ളത് രണ്ടു തരം പൗരന്മാരാണ്. സി പി എമ്മുകാരും അവരുടെ കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ഒന്നാം നിരക്കാർ. ബാക്കിയൊക്കെ രണ്ടാം തരം. ഈ രണ്ടാം തരക്കാർക്കു വേണ്ടിയുള്ളതാണ് നിയമങ്ങളും ചട്ടങ്ങളുമൊക്കെ. ഒന്നാമത്തെ വിഭാഗങ്ങൾക്ക് ഇതൊന്നും ബാധകമല്ല.

കഴിഞ്ഞ ദിവസം കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത് നിലവിലെ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചു എന്നാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണമെന്നും പൊതുയോഗങ്ങൾ ഒഴിവാക്കണമെന്നുമാണ് ഔദ്യോഗിക നിർദേശങ്ങൾ. പക്ഷെ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഒരു ബ്രാക്കറ്റ് ചേർക്കുന്നതിൽ സർക്കാരിന് പിഴച്ചു. സിപിഎമ്മിനെ ഈ മാർഗനിർദേശങ്ങളിൽ നിന്നും ഒഴിവാക്കി എന്നത് ചേർത്തില്ല. മറന്നു പോയതാവാം. പക്ഷെ ഫലത്തിൽ സംഭവിക്കുന്നത് അതാണ്. പാവങ്ങളുടെ കല്യാണത്തിനും മരണത്തിനുമൊക്കെ ഉത്തരവാദിത്തപ്പെട്ട പൗരന്മാരെന്ന നിലയ്ക്ക് സാധാരണ ജനങ്ങൾ രോഗപ്പേടിയിൽ നിയന്ത്രണങ്ങൾ അനുസരിക്കുമ്പോൾ മാർക്സിസ്റ് പാർട്ടിയുടെ സമ്മേളന മതിലിനു പുറത്തു വന്നു എത്തിനോക്കാൻ പോലും ഒമിക്രോൺ ധൈര്യപ്പെടില്ല. അതുകൊണ്ട് പാർട്ടി സമ്മേളങ്ങൾ കൃത്യമായി നടക്കും നടന്നിരിക്കും.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ അമ്പതിനായിരവും പ്രതിദിന രോഗബാധിതരുടെ എണ്ണം പന്ത്രണ്ടായിരവും കടന്ന സ്ഥിതിക്ക് വ്യാപന തീവ്രത കുറയ്ക്കാനായി തിരുവാതിര പോലെയുള്ള കലാപരിപാടികൾക്ക് സി പി എം തുടക്കം കുറിച്ചിട്ടുണ്ട്. അതീവ ജാഗ്രതയില്ലെങ്കിൽ ആപത്തെന്ന് ആരോഗ്യ മന്ത്രി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. (ഭരണകക്ഷി ആയതിനാൽ സിപിഎമ്മുകാർക്ക് ഇത് ബാധകമല്ല). പക്ഷെ സി പി എം ജില്ലാ സമ്മേളങ്ങളും അതു കഴിഞ്ഞു സംസ്ഥാന സമ്മേളനവും കഴിഞ്ഞു ഒരു നിയന്ത്രണം വരും. അതാണ് യഥാർത്ഥ നിയന്ത്രണം. അത് എല്ലാവരും പാലിക്കണം. അതുവരെ കാണുന്നതെല്ലാം വെറും ട്രെയ്‌ലർ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.