കോട്ടയം കൊലപാതകം; പിന്നില്‍ ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് സൂചന

Jaihind Webdesk
Monday, January 17, 2022

കോട്ടയം : നഗരത്തെ നടുക്കിയ അരുംകൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങൾക്കിടയിലെ കുടിപ്പകയെന്ന് സൂചന. മറ്റൊരു ഗുണ്ടയായ സൂര്യന്‍റെ സംഘം പ്രതിയായ ജോമോന്‍റെ സംഘത്തെ മർദ്ദിച്ചിരുന്നു.
സൂര്യനുമായി കൊല്ലപ്പെട്ട ഷാൻ ബാബുവിന് സൗഹൃദം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഷാനെ ഇവർ ആക്രമിച്ചതെന്ന സൂചനയാണ് പോലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെ മൂന്നരയോടെ കൂടിയാണ് ആണ് വിമലഗിരി സ്വദേശിയായ ഷാൻ ബാബുവിന്‍റെ മൃതദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുമ്പിൽ കണ്ടെത്തുന്നത്. താനാണ് ഷാനിനെ കൊന്നത് എന്ന് അലറിവിളിച്ചു കൊണ്ട് ഗുണ്ടയായ കെടി ജോമോനും മൃതദേഹത്തിന്‍റെ അടുത്തുതന്നെ നിൽപ്പുണ്ടായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതി അലറിവിളിച്ചു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഷാനിനെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയായ ജോമോനെ   കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു.

ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഓട്ടോയിൽ എത്തിയ ജോമോൻ അടക്കം നാലംഗ സംഘം ഷാനിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഷാനിനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്‍റെ മാതാവും സഹോദരിയും പൊലീസിനെ സമീപിച്ചിരുന്നു. ഷാനെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ജോമോനെ മാത്രമാണ് ഇപ്പോൾ പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്. മറ്റ് മൂന്നുപേർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.

പോലീസ് കസ്റ്റഡിയിലുള്ള ജോമോൻ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ 2021 നവംബർ 19ന് ജില്ലാ പോലീസ് മേധാവി കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കാപ്പയുടെ കാലാവധി അവസാനിച്ചതിനുപിന്നാലെയാണ് ജോമോൻ ജില്ലയിലെത്തിയത്. പിന്നാലെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച കൊടും ക്രൂരകൃത്യം നടത്തിയത്.