കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി കൗൺസിലർ ടി.എൻ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടിയെടുത്തിട്ടുള്ളത്. ഇന്നലെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് ബി ജെപി കൗൺസിലറുടെ നേതൃത്വത്തിൽ മുട്ടമ്പലം പൊതുശ്മശാനത്തിനു മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുൻകൈയ്യെടുത്ത് അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. തൽകാലം മുട്ടമ്പലം ശ്മശാനത്തിൽ സംസ്കാരം നടത്തേണ്ടെന്ന് തീരുമാനിച്ചെങ്കിലും രാത്രിയോടെ വൻ പൊലീസ് സന്നാഹത്തിന്‍റെ സാന്നിധ്യത്തില്‍ മൃതദേഹം അവിടെ തന്നെ സംസ്കരിക്കുകയായിരുന്നു.