കോട്ടയത്ത് ബസ് മറിഞ്ഞ് 41 പേർക്ക് പരുക്കേറ്റ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യാൻ നടപടി ആരംഭിച്ച് ആർടിഒ

 

കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ആവേമരിയ ബസ് മറിഞ്ഞ് 41 പേർക്ക് പരുക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യാൻ നടപടി ആരംഭിച്ച് കോട്ടയം ആർടിഒ. നടപടികൾക്ക് മുന്നോടിയായി ബസ് ഡ്രൈവറെ കോട്ടയം ആർടി ഓഫിസിലേയ്ക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തിയിട്ടുണ്ട്. ഇന്ന് ഇയാളുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യാൻ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം രാത്രിയിലാണ് തലയോലപ്പറമ്പ് റൂട്ടിൽ വെട്ടിക്കാട്ട് മുക്കിൽ വച്ച് ആവേമരിയ എന്ന സ്വകാര്യ ബസ് അമിത വേഗത്തിൽ എത്തി റോഡരികിലെ തിട്ടയിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. അപകടത്തിൽപ്പെട്ട ബസിന്‍റെ അമിത വേഗം തന്നെയാണ് അപകടകാരണമെന്ന് കാട്ടി വൈക്കം എൻഫോഴ്‌സ്‌മെന്‍റ് എംവിഐ ആർടിഒയ്ക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അത്രത്തോളം അമിത വേഗത്തിൽ എത്തിയ ബസ് റോഡിൽ തലകീഴായി മറിഞ്ഞത് നിയന്ത്രണം നഷ്ടമായ ശേഷമാണ് എന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് കർശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

Comments (0)
Add Comment