മാനസയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി ; തോക്ക് വാങ്ങിയത് ബീഹാറിൽ നിന്നെന്ന് സൂചന

Jaihind Webdesk
Saturday, July 31, 2021

കൊച്ചി : കോതമംഗലത്ത് വെടിയേറ്റ് മരിച്ച ദന്തൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പ്രണയം തകര്‍ന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതേസമയം വെടിയുതിർത്ത തോക്ക് രഖില്‍ വാങ്ങിയത് ബീഹാറിൽ നിന്നാണെന്നാണ് സൂചന.

രാവിലെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മാനസയുടെ മൃതദേഹം ഉച്ചയോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി.

മാനസയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് രഖിൽ വാങ്ങിയത് ബീഹാറിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ജൂലായ് 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രാഖില്‍ പോയതിന്‍റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റ് വഴിയാണ് തോക്ക് ബീഹാറില്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത്. തുടര്‍ന്ന് തോക്ക് സംഘടിപ്പിക്കാന്‍ ബിഹാറിലേക്ക് പുറപ്പെടുകയായിരുന്നു. ബിഹാറിലെത്തിയ രഖില്‍ നാലിടങ്ങളിലായി 8 ദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞത്.

മാനസയുടെ കുടുംബം നല്‍കിയ പരാതിയില്‍ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാര്‍ യാത്ര. ഇതോടെ രാഖില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത് എന്ന് വ്യക്തമാകുകയാണ്. രാഖിലിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കും. കൊല നടത്താന്‍ രഖില്‍ ഉപയോഗിച്ചത് പഴയ തോക്കാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

7.62 എംഎം പിസ്റ്റളില്‍ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖില്‍ പിന്നാലെ സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ആലുവ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.