കൂളിമാട് പാലം തകർന്ന സംഭവം; അന്വേഷണം ഉടന്‍ പൂർത്തിയാകും

 

കോഴിക്കോട്: കൂളിമാട് പാലം തകർന്ന സംഭവത്തിൽ അന്വേഷണം ഉടൻ പൂർത്തിയാകും. അപകട സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയ അന്വേഷണ സംഘം നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ആണ് പരിശോധിക്കുന്നത്. അതേസമയം അന്വേഷണ റിപ്പോർട്ട് പുറത്തുവന്നശേഷം മാത്രമേ പാലത്തിന്‍റെ പുനർനിർമ്മാണം ആരംഭിക്കാവൂ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി.

കഴിഞ്ഞ മെയ് 16 നാണ് നിർമാണത്തിലിരിക്കുന്ന കോഴിക്കോട് കൂളിമാട് പാലം തകർന്നത്. നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് അപകടം സംഭവിച്ചത്. നിർമ്മാണത്തിലെ അപാകത ഉൾപ്പെടെ ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങൾ പാലം നിർമ്മാണത്തിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം വിശദമായ പരിശോധനയാണ് നടത്തിയത്. അപകടസ്ഥലത്ത് എത്തി സംഘം വിശദമായ പരിശോധന നടത്തി. ഹൈഡ്രോളിക് ജാക്കിയിലുണ്ടായ പിഴവാണ് അപകടകാരണമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി യുടെ വിശദീകരണം ഉൾപ്പെടെ സംഘം പരിശോധിച്ചു. പരിശോധനകൾ ഏതാണ്ട് പൂർത്തിയാക്കിയ സംഘം ഇപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ആണ് പരിശോധിക്കുന്നത്.

അതേസമയം നിർമ്മാണ പ്രവൃത്തി പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ശ്രമം മന്ത്രി ഇടപെട്ട് തടഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും മാത്രം നിർമ്മാണ പ്രവർത്തി ആരംഭിച്ചാൽ മതിയെന്ന നിലപാടാണ് മന്ത്രി മുഹമ്മദ് റിയാസിന്. നിർമ്മാണ പ്രവൃത്തി നടത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല എന്ന ആരോപണം ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സംഘം വിശദമായ പരിശോധന നടത്തുന്നത്.

Comments (0)
Add Comment