കൂളിമാട് പാലം തകർന്ന സംഭവം : പൊതുമരാമത്ത് വകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച

Jaihind Webdesk
Monday, May 23, 2022

മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആരോപണം. പാലം നിർമാണം പുരോഗമിക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്.

അപകടത്തെ കുറിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. പാലം നിര്‍മാണം പുരോഗമിക്കുമ്പോൾ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബൈജു പി.ബിയും അസി. എഞ്ചിനീയര്‍ മൊഹ്സിന്‍ അമീനും വയനാട്ടിൽ അസോസിയേഷന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കുകയായിരുന്നു. നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കള്‍ സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. രാവിലെ 9 മണിക്ക് പാലം തകര്‍ന്നെങ്കിലും ഉച്ച കഴിഞ്ഞ് 3 മണിയോടെ മാത്രമാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത് എന്ന ആരോപണവും ഉണ്ട്.

ചാലിയാറിന് കുറുകെയുള്ള കൂളിമാട് കടവ് പാലത്തിന്‍റെ മൂന്ന് പ്രധാന ബീമുകളാണ് നിര്‍മാണത്തിന്‍റെ അവസാന ഘടത്തില്‍ തകര്‍ന്നുവീണത്. മലപ്പുറം ജില്ലയോട് ചേര്‍ന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പിഡബ്ലിയുഡി ആഭ്യന്തര അന്വേഷണ വിഭാഗം തകര്‍ന്ന ബീമുകള്‍, പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗം എന്നിവ പരിശോധിച്ചു. നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉള്‍പ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തിയിരുന്നു.