കൊണ്ടോട്ടി പീഡനശ്രമം ; പ്രതി പതിനഞ്ച് വയസ്സുകാരന്‍ ; കുറ്റം സമ്മതിച്ചു

Jaihind Webdesk
Tuesday, October 26, 2021

മലപ്പുറം :  കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. പെൺകുട്ടിയുടെ അതേ നാട്ടുകാരനായ 15 വയസ്സുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ഉപദ്രവിച്ചത് താനാണെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാൽ തിരിച്ചറിയാനാകുമെന്നും പെൺകുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

പെൺകുട്ടി പഠന ആവശ്യത്തിനായി പോകുമ്പോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പീഡനശ്രമം ചെറുത്തപ്പോള്‍ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. യുവാവിന്റെ പിടിയിൽനിന്നു കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു.

21 വയസ്സുകാരി പെൺകുട്ടി ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ടു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.