കൊല്ലം സബ് കലക്ടര്‍ അനുപം മിശ്രയ്ക്ക് സസ്പെൻഷൻ; നടപടി ഹോം ക്വാറന്‍റീന്‍ ലംഘനത്തെത്തുടർന്ന്

Jaihind News Bureau
Friday, March 27, 2020

ഹോം ക്വാറന്‍റീനിൽ കഴിയവേ ആരോടും പറയാതെ നാട്ടിലേക്കു മുങ്ങിയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയ്ക്ക് സസ്പെൻഷൻ. നേരത്തെ അനുപം മിശ്രയ്ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണു സസ്പെന്‍ഷന്‍. സബ്കളക്ടറുടെ നിയമലംഘനം സംബന്ധിച്ച റിപ്പോർട്ടിനൊപ്പം വകുപ്പുതല നടപടിക്ക് കളക്ടര്‍ ബി.അബ്ദുൽ നാസർ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഹോം ക്വാറന്‍റീന്‍ എന്നാല്‍ ‘സ്വന്തം വീട്ടില്‍ പോവുക’ എന്നാണു കരുതിയെന്നാണ് അനുപം മിശ്ര കളക്ടര്‍ക്ക് നല്‍കിയ വിചിത്ര വിശദീകരണം എന്നാണ് അറിയുന്നത്.

ക്വാറന്‍റീന്‍ മാനദണ്ഡങ്ങ്ള്‍ പാലിക്കാത്ത അനുപം മിശ്രയ്‌ക്കെതിരെ നടപടിവേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തെ കുറിച്ചുള്ള കൊല്ലം കളക്ടറുടെ റിപ്പോര്‍ട്ട്, സബ് കളക്ടര്‍ക്കെതിരെ അന്വേഷണം വേണമെന്ന ശുപാര്‍ശയോടെ റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. അനുപം മിശ്രയുടെ നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നത് അച്ചടക്ക ലംഘനമാണ്. തന്നെയമല്ല യഥാര്‍ഥ വിവരം മറച്ചുവെക്കാനും ശ്രമമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവരങ്ങള്‍ തിരക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷക്കുമ്പോഴെല്ലാം നിരീക്ഷണത്തില്‍ തുടരുകയാണെന്ന രീതിയിലാണ് ഇദ്ദേഹം മറുപടി നല്‍കിയിരുന്നത്. എന്നാല്‍ മാര്‍ച്ച് 26-ന് ആരോഗ്യപ്രവര്‍ത്തകര്‍ സബ് കളക്ടറുടെ വസതിയിലെത്തിയപ്പോഴാണ് അദ്ദേഹം അവിടെ ഇല്ലെന്ന് മനസ്സിലായത്.

ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസര്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ താന്‍ ബെംഗളുരിവിലാണെന്ന് സബ് കളക്ടര്‍ കളവ് പറഞ്ഞു. ഇവിടെ പരിചയക്കാരില്ലാത്തതിനാലും ഭാഷ വശമില്ലാത്തതിനാലുമാണു ബെംഗളൂരുവിലേക്കു പോയതെന്നാണു കളക്ടർക്കു നൽകിയ വിശദീകരണം.

എന്നാല്‍ ടവര്‍ ലൊക്കേഷന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സബ് കളക്ടറുടെ ഔദ്യോഗിക നമ്പർ അദ്ദേഹത്തിന്‍റെ ജന്മനാടായ കാണ്‍പൂരിലാണ് ഉള്ളതെന്ന് മനസ്സിലായി.

ഫെബ്രുവരിയില്‍ വിവാഹിതനായ സബ്കളക്ടർ മധുവിധുവിനു വിദേശത്തു പോകാൻ ജില്ലാ കളക്ടറോട് നേരത്തെ അനുമതി ചോദിച്ചിരുന്നു. വിവാഹത്തിനായി നാട്ടിലേക്കു പോയ അനുപം മിശ്ര വിദേശ സന്ദർശനത്തിനും ശേഷം 18ആം തീയതിയാണ് കൊല്ലത്തു തിരിച്ചെത്തി ഡ്യൂട്ടിയിൽ പ്രവേശിച്ചത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പോയി മടങ്ങി വന്ന ആളായതിനാൽ ഹോം ക്വാറന്‍റീനിൽ പോകാൻ നിർദേശിക്കുകയായിരുന്നു. കൊല്ലത്തു സബ് കളക്ടറുടെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവറോടും ഗൺമാനോടും ക്വാറന്‍റീനിൽ പോകാൻ നിർദേശിച്ചിരുന്നു. രണ്ടു ദിവസമായി ക്വാർട്ടേഴ്സിൽ വെളിച്ചം കാണാതിരുന്നതിനെത്തുടർന്നു സമീപത്തെ ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ വിവരമറിയിച്ചതോടെയാണു സബ് കലക്ടറുടെ ക്വാറന്‍റീൻ ലംഘനം പുറത്തറിഞ്ഞത്. തുടർന്നു പൊലീസും ആരോഗ്യ- റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയെങ്കിലും ക്വാർട്ടേഴ്സ് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്നാണു ജില്ലാ കളക്ടറെ ബന്ധപ്പെട്ടത്. നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ട മാര്‍ച്ച് 19-ന് തന്നെ തിരുവനന്തപുരം വിമാനത്താവളം വഴി അനുപം മിശ്ര കാണ്‍പൂരിലേക്ക് പോയതായാണ് വിവരം.

ക്വാറന്‍റീൻ ചട്ടങ്ങള്‍ ലംഘിച്ചതു ഗുരുതരമായ കുറ്റമാണെന്നും ഇത് സർവീസ് റൂളിനു വിരുദ്ധമാണെന്നും കലക്ടർ പറഞ്ഞു. ഇതേക്കുറിച്ചു സർക്കാരിനു റിപ്പോർട്ടു നൽകിയതായും കലക്ടർ പറഞ്ഞു.