കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കൊല്ലം ഒരുങ്ങിയിരിക്കുകയാണ്. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സ്കൂള്‍ കലോത്സവം നടക്കുക. ജനുവരി നാലിന് രാവിലെ കൊല്ലം ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐ.എ.എസ് പതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും.
നടിയും നർത്തകിയുമായ ആശാ ശരത്തും സ്‌കൂളുകൾ കുട്ടികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം അരങ്ങേറും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയും പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.
നാലാം തവണയാണ് കൊല്ലത്ത് കലോത്സവം നടക്കുന്നത്. കലോത്സവ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് നിന്ന് ജനുവരി രണ്ടിന് പുറപ്പെടും. അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെയാണ്.