എന്‍.കെ പ്രേമചന്ദ്രനെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിത ശ്രമമെന്ന് എം.എം നസീര്‍

ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ അപവാദപ്രചരണങ്ങളിലൂടെ കൊല്ലം ലോക്സഭാംഗം എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎമ്മിന്റെ സംഘടിതമായ നീക്കത്തെ യുഡിഎഫ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി എംഎം നസീര്‍ പറഞ്ഞു. സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ നടന്ന കേന്ദ്രവിരുദ്ധ ജാഥ എംപി വിരുദ്ധ ജാഥയായി മാറുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എന്‍ കെ പ്രേമചന്ദ്രന്‍ എംപി നയിക്കുന്ന യുഡിഎഫ് ജനകീയ ജാഥ വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് കടയ്ക്കല്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി ജനറല്‍ സെക്രട്ടറി. പാര്‍ലമെന്ററി രംഗത്തും വികസന രംഗത്തും ദേശീയതലത്തില്‍ ശ്രദ്ധേയനായി മാറിയ പ്രേമചന്ദ്രനെതിരെ ഒന്നും പറയാനില്ലാത്ത സാഹചര്യത്തിലാണ് പ്രാദേശിക തലത്തിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എംപിക്കെതിരെ പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ അര്‍ഹമായ വിഹിതം കൊല്ലത്തിന് നേടിയെടുക്കുന്നതിലും, റെയില്‍ രംഗത്തും, ദേശീയപാതാരംഗത്തും അനിതരസാധാരണമായ വികസന മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞ എന്‍.കെ. പ്രേമചന്ദ്രനെതിരെ നടത്തുന്ന പ്രചാരവേലക്കെതിരെ ജനങ്ങള്‍ ശക്തമായി തിരിച്ചടി നല്‍കുമെന്നും എം എം നസീര്‍ പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാന്‍ ചിതറ മുരളി അധ്യക്ഷത വഹിച്ചു. ബി.എസ്.ഷിജു, എ.ശ്രീകുമാര്‍, മുഹമ്മദ് റഷീദ്,തമീമുദീന്‍,എ.മുഹമ്മദ് കുഞ്ഞ്, പാങ്ങോട് സുരേഷ്, വി.ഒ.സാജന്‍, ചന്ദ്ര ബോസ്, വി.ടി.സിബി, ഇല്യാസ് റാവുത്തര്‍, അഡ്വ.ജി.മോഹനന്‍, എ.നളിനാക്ഷന്‍, എ എം റാഫി, വി.ബിനു, ഷമീന പറമ്പില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Comments (0)
Add Comment