ഓയൂർ കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കസ്റ്റഡിയില്‍; ഡിഐജി നിശാന്തിനി കൊല്ലം റൂറൽ എസ്പി ഓഫീസില്‍

 

കൊല്ലം: ഓയൂരില്‍ കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍. നേരത്തെ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ അടിക്കുന്ന ദൃശ്യവും കിട്ടിയിട്ടുണ്ട്. കെ.എല്‍.2 രജിസ്‌ട്രേഷന്‍ ഉള്ള ഓട്ടോയില്‍ തന്നെയാണോ പ്രതികള്‍ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും. ഓട്ടോ ഡ്രൈവറില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഓട്ടോയ്ക്കും ഡ്രൈവര്‍ക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും.

ഇതിനിടെ, അന്വേഷണത്തിന്‍റെ ഭാഗമായി ഡിഐജി നിശാന്തിനി കൊല്ലം റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചന ലഭിച്ചതിന്‍റെ ഭാഗമായി തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് ഉന്നത പോലീസ് സംഘം യോഗം ചേരുന്നതെന്നാണ് വിവരം.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. സംഘത്തിലെ ഒരു യുവതി നഴ്‌സിംഗ് കെയര്‍ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് നഴ്‌സിങ് കെയര്‍ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നില്‍ക്കുന്നത്.

Comments (0)
Add Comment