മത്സ്യത്തൊഴിലാളികളോട് കടലും കനിഞ്ഞില്ല; വെറുംകൈയോടെ മടക്കം; കരയില്‍ സര്‍ക്കാരിന്റെ ഇരുട്ടടി

Jaihind Webdesk
Thursday, August 1, 2019

കൊല്ലം: കൊല്ലത്തുനിന്ന് ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലില്‍ പോയ മത്സ്യ ബന്ധന ബോട്ടുകള്‍ കാര്യമായ മത്സ്യസമ്പത്ത് ലഭിക്കാതെ നിരാശയോടെയാണ് തിരിച്ചെത്തിയത്. ഇതിനിടയില്‍ നീണ്ടകര
ശക്തികുളങ്ങര മല്‍സ്യബന്ധന തുറമുഖത്ത് പ്രവേശിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്ചുങ്കം ഏര്‍പ്പെടുത്തിയസംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ മത്സ്യതൊഴിലാളികളും ബോട്ടുടമകളും വന്‍ പ്രതിഷേധമുയര്‍ത്തി

മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈമാസം ഒമ്പതുവരെ തീരുമാനം നടപ്പിലാക്കില്ലെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെയാണ് മത്സ്യത്തൊഴിലാളികള്‍ക്കടക്കം ഹാര്‍ബറില്‍ പ്രവേശിക്കുന്നതിന് ചുങ്കം ഏര്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. പിന്നാലെ ചുങ്കം പിരിച്ച് തുടങ്ങിയതോടെ മത്സ്യത്തോഴിലാളികള്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകളോളം ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. തീരുമാനത്തില്‍ വ്യക്തതയില്ലെന്നാണ് മത്സ്യത്തോഴിലാളികള്‍ പറയുന്നത്. പ്രതിഷേധം ശക്തമായതോടെ തീരുമാനം ഈമാസം ഒമ്പതുവരെ മരവിപ്പിച്ചു. വിഷയത്തില്‍ ഏഴാം തിയതി വിളിച്ച യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.