കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി ചൊവ്വാഴ്ച കേസ് പരിഗണിക്കും. ഓഗസ്റ്റ് 9നാണ് പിജി വിദ്യാർഥിനി കൊല്ലപ്പെട്ടത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാൾ പോലീസ് പിടിയിലായിരുന്നു.
അതേസമയം വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്തയിൽ ഫുട്ബോൾ ആരാധകരും പ്രതിഷേധവുമായി രംഗത്തെത്തി. മോഹൻ ബഗാന്‍റെയും ഈസ്റ്റ് ബംഗാളിന്‍റെയും ആരാധകരാണ് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്. ബംഗാളിൽ വ്യാപകമാകുന്ന സംഘർഷം കണക്കിലെടുത്ത് നടക്കാനിരുന്ന മത്സരം നേരത്തെ ഉപേക്ഷിച്ചിരുന്നു. ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും അതിനെ മറികടന്ന് പ്രതിഷേധക്കാർ ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് പോലീസുമായി ഏറ്റുമുട്ടിയ ഇവർക്കുനേരെ ലാത്തിചാർജ് പ്രയോഗിച്ചു.
യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം സിബിഐ സംഘം ആർജി കർ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരെ അടക്കം ചോദ്യം ചെയ്തിരുന്നു. ഇനിയും ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നും സംശയമുണ്ടെന്നും സിബിഐ അറിയിച്ചിരുന്നു. കേസിൽ ഒരു പ്രതി മാത്രമാണെന്ന പോലീസിന്‍റെ നിഗമനം തെറ്റാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.