പശ്ചിമബംഗാള്‍ തര്‍ക്കം : എന്തിനാണിത്ര തിടുക്കമെന്ന് സി.ബി.ഐയോട് സുപ്രീം കോടതി ; കേസ് നാളെ പരിഗണിക്കും

Jaihind Webdesk
Monday, February 4, 2019

Supreme-Court

പശ്ചിമബംഗാളിലെ സി.ബി.ഐ-പോലീസ് തര്‍ക്കം സുപ്രീം കോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സി.ബി.ഐയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. എന്തിനാണിത്ര തിടുക്കമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. കേസ് വിശദമായി നാളെ പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സി.ബി.ഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്തയുടെ വാദം. തെളിവുകൾ നശിപ്പിച്ചതിന്‍റെ രേഖകൾ ഉണ്ടെങ്കിൽ അത് അടിയന്തരമായി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സി.ബി.ഐക്ക് നിര്‍ദേശം നൽകി. ബംഗാൾ സര്‍ക്കാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി സി.ബി.ഐയുടെ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു.

അതേസമയം മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹം ഇന്നും തുടരുകയാണ്. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും സമരപന്തലിലുണ്ട്. ഭരണഘടനയെ സംരക്ഷിക്കുക എന്ന ആവശ്യം ഉയര്‍ത്തി കൊൽക്കത്ത മെട്രോ ചാനലിലാണ് മമതാ ബാനർജി സത്യാഗ്രഹമിരിക്കുന്നത്.

കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ അധികാരപരിധിയെ മാനിക്കാത്ത നീക്കങ്ങളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് ആരോപിച്ച് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ബംഗാളിലെ സംഭവങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്‍റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ, ഒമർ അബ്ദുള്ള, തേജസ്വി യാദവ്, എം.കെ സ്റ്റാലിൻ, ശരത് പവാർ, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി.