ലോകം കീഴടക്കി കോലിയുടെ പടിയിറക്കം, തൊട്ടുപിന്നാലെ ‘വിശ്വനായകൻ’ ആയി വിടവാങ്ങി രോഹിതും

 

ബാര്‍ബഡോസ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശര്‍മയും. സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച് ലോക കിരീടം നേടിയ ശേഷമായിരുന്നു ഇരുവരുടെയും വിരമിക്കല്‍ പ്രഖ്യാപനം. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് രോഹിത്തിന്. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. 159 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്.

124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4112 റണ്‍സാണ് അടിച്ചെടുത്തത്. 48.38 ശരാശരിയും 58.68 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍  സിംബാബ്‌വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം. 159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്‍റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികള്‍ വീതം നേടി. 32 അര്‍ധ സെഞ്ചുറിയും രോഹിത് നേടി.

‘‘ഈ ഫോർമാറ്റിനോട് വിടപറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എന്‍റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്. ഇതാണ് ഞാൻ ആഗ്രഹിച്ചത്, കപ്പ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചു. വാക്കുകളിൽ പറഞ്ഞറിയിക്കാൻ വളരെ പ്രയാസമാണ്. ഇത് എനിക്ക് വളരെ വൈകാരികമായ നിമിഷമായിരുന്നു. ഈ കിരീടം നേടുന്നതിനായി ഒരുപാട് ആഗ്രഹിച്ചു. ഒടുവിൽ അതു സാധിച്ചതിൽ സന്തോഷമുണ്ട്.’’– രോഹിത് പറഞ്ഞു.

കോലിയുടെ വാക്കുകള്‍… ”ഇത് എന്‍റെ അവസാന ടി20 ലോകകപ്പായിരുന്നു. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യക്കായി കളിക്കുന്ന എന്‍റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ഈ ലോകകപ്പില്‍ എനിക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇതെല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. അപ്പോഴാണ് ഇത്തരത്തില്‍ ഒരു ഇന്നിംഗ്‌സ് കളിക്കാന്‍ സാധിക്കുന്നത്. ദൈവം മഹാനാണ്. ഈ കിരീടം ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അതിന് സാധിക്കുകയും ചെയ്തു. ഇനി അടുത്ത തലമുറയ്ക്ക് അവസരം നല്‍കണം. അവരാണ് ഇനി മുന്നോട്ട് കൊ്ണ്ടുപോവേണ്ടത്. ഒരു ഐസിസി ടൂര്‍ണമെന്‍റില്‍ വിജയിക്കാനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. രോഹിത് ശര്‍മയെ നോക്കൂ, അദ്ദേഹം ഒമ്പത് ടി20 ലോകകപ്പുകള്‍ കളിച്ചു. ഇത് എന്‍റെ ആറാമത്തെ ലോകകപ്പാണ്. രോഹിത് അത് അര്‍ഹിക്കുന്നു. വികാരങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത് ബുദ്ധിമുട്ടാണ്. ഇതൊരു മഹത്തായ ദിവസമാണ്, ഞാന്‍ കടപ്പെട്ടിരിക്കും.” കോലി മത്സരശേഷം പറഞ്ഞു.

രോഹിത്തും കോലിയും ട്വന്‍റി20യിൽനിന്ന് കളമൊഴിഞ്ഞതോടെ വലിയൊരു തലമുറ മാറ്റത്തിനാണ് ഇന്ത്യൻ ടീം സാക്ഷ്യംവഹിക്കുന്നത്. ലോകകപ്പിനു തൊട്ടുപിന്നാലെ ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനം ട്വന്‍റി20 ടീമിൽ വരുന്ന മാറ്റങ്ങളിലേക്ക് സൂചന നൽകുന്നതാണ്. ലോകകപ്പിനായി രണ്ടു വർഷം മുമ്പെങ്കിലും ഒരു ടീമിനെ വാർത്തെടുക്കേണ്ടതുണ്ട്. ഫൈനൽ മത്സരത്തിൽ തിളങ്ങിയ ഹാർദിക് പാണ്ഡ്യയാകും ഇനി ഇന്ത്യയുടെ സ്ഥിരം ട്വന്‍റി20 ക്യാപ്റ്റനാകാന്‍ സാധ്യത.

 

 

Comments (0)
Add Comment