ചരിത്ര വിജയം നേടിയ ടീം ഇന്ത്യയ്ക്ക് ബിസിസിഐയുടെ പാരിതോഷികം

Jaihind Webdesk
Wednesday, January 9, 2019

ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേടിയ ടീമിന് ബിസിസിഐയുടെ പാരിതോഷികം. ഓരോ മത്സരത്തിലുമിറങ്ങിയ പതിനൊന്നുപേർക്കും 15 ലക്ഷം രൂപ വീതം നൽകുമെന്ന് ബിസിസിഐ അറിയിച്ചു.

ഓസ്‌ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച ബിസിസിഐ എല്ലാ റിസർവ് കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും കാഷ് അവാർഡ് നല്കുമെന്ന് അറിയിച്ചു. കളിച്ചവർക്ക് 15 ലക്ഷം രൂപയും റിസർവ് കളിക്കാർക്ക് 7.5 ലക്ഷം രൂപയും നൽകുമെന്ന് ബിസിസിഐ അറിയിച്ചു.

പരിശീലകർക്ക് 25 ലക്ഷം രൂപ വീതവും പരിശീലകരല്ലാത്തവർക്ക് അവരുടെ ശമ്പളത്തിനും പ്രഫഷണൽ ഫീസിനും തുല്യമായ ബോണസും നല്കുമെന്ന് ബിസിസിഐ അറിയിച്ചു. മത്സര പരമ്പരയിലെ ആദ്യത്തെയും മൂന്നാമത്തെയും (അഡ്ലെയ്ഡ്, മെൽബൺ) മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്. ഓസ്‌ട്രേലിയ പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ജയിച്ചു. നാലാം ടെസ്റ്റ് സമനിലയായി.

നാല് മത്സരങ്ങളുടെ പരമ്പര 2-1 നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഓസീസ് മണ്ണിൽ 72 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്.