പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഓസീസ് നായകന്‍ ടിം പെയ്നും. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ 71-ാം ഓവറിലായിരുന്നു സംഭവം. തുടര്‍ന്ന് ഫീല്‍ഡ് അമ്പയര്‍ ഗാരി ഗഫാനി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രകോപനപരമായി സംസാരിച്ച് ടിം പെയ്നാണ് സ്ലഡ്ജിംഗിന് തുടക്കമിട്ടത്.
‘ഇന്നലെ തോറ്റവരില്‍ ഒരാളാണ് നിങ്ങള്‍.
ഇന്ന് എന്തുകൊണ്ടാണ് ഇത്ര കൂളാവുന്നത്’ എന്നായിരുന്നു കോലിയെ കുത്തി ഓസീസ് നായകന്റെ ചോദ്യം. ‘ഇത്ര മതി, കമേണ്‍, കളി തുടരൂ, നിങ്ങള്‍ നായകന്‍മാരാണ്’ എന്ന് ഇരുവര്‍ക്കുമിടയില്‍ ഇടപെട്ട് അംപയര്‍ പറഞ്ഞു. തങ്ങള്‍ വെറുതെ സംസാരിക്കുകയാണ്. പ്രകോപനമൊന്നുമില്ല എന്നായിരുന്നു അംപയറോട് പെയ്നിന്റെ മറുപടി.
മുന്നാം ദിനം കളിയവസാനിക്കവെയാണ് നായകന്മാര്‍ തമ്മില്‍ വാക്പോര് തുടങ്ങിയത്. ഡ്രസിംഗ് റൂമിലേക്ക് നടക്കവെ ഇരുവരും പ്രകോപനം സൃഷ്ടിച്ച് സംസാരിക്കുകയായിരുന്നു.
അവസാന ഓവറില്‍ പെയ്നെ പുറത്താക്കാന്‍ ഇന്ത്യന്‍ ടീം ഒന്നാകെ അപ്പീല്‍ ചെയ്തതാണ് തര്‍ക്കത്തിന് തുടക്കമിട്ടത്.