കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ്. യൂണിടാക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി കോടിയേരിയെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ മാസം പത്തിന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിനോദിനി കോടിയേരിയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി.
ലൈഫ് മിഷന്‍ കോഴകളിലൊന്നായ ഐഫോണുമായി ബന്ധപ്പെട്ടെ അന്വേഷണമാണ് കസ്റ്റംസിനെ വിനോദിനിയില്‍ എത്തിച്ചത്. യു.എ.ഇ കോൺസൽ ജനറലിന് നൽകിയ ഫോണാണ് വിനോദിനിയുടെ കൈകളിൽ എത്തിയതെന്നാണ് സൂചന.
തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിനായി സ്വപ്‌നാ സുരേഷിന്‍റെ നിര്‍ദ്ദേശ പ്രകാരം ആറ് ഐഫോണുകള്‍ വാങ്ങി നല്‍കി എന്ന് സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഒരെണ്ണം കമ്പനി ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത്.
ആറ് എണ്ണത്തിൽ നാല് ഐഫോണുകൾ ഉപയോഗിക്കുന്നവരെ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ആറാമത്തെ ഐഫോണ്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല.സന്തോഷ് ഈപ്പന്‍റെ മൊഴി പ്രകാരം 1.13 ലക്ഷം രൂപയായിരുന്നു ഫോണിന്‍റെ വില. അതാണിപ്പോള്‍ കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി കോടിയേരിയാണ് ഫോണ്‍ ഉപയോഗിക്കുന്നത്. ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ചാണ് വിനോദിനിയുടെ സിം കാർഡാണ് ഫോണിൽ ഉപയോഗിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ഏത് സാഹചര്യത്തിലാണ് ഈ ഫോണ്‍ ഇവരുടെ കയ്യിലേക്ക് എത്തുന്നതെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഫോണില്‍ നിന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വിനോദിനി വിളിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് വിവാദമായതോടെ ഐ ഫോണ്‍ ഉപയോഗം വിനോദിനി നിര്‍ത്തി.
അതേസമയം വിനോദിനിക്ക് എന്തടിസ്ഥാനത്തിലാണ് പാരിതോഷികം നൽകിയത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇതോടെ ലൈഫ് മിഷന്‍ ഇടപാട് കേസില്‍ കോടിയേരി ബാലകൃഷ്ണന്‍റെ പങ്കിലേക്കും അന്വേഷണം നീളുകയാണ്. അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ സി.പി.എമ്മിന് കനത്ത തിരിച്ചടിയായി മാറുകയാണ്.