ഞങ്ങളുടെ പിഴ… ഞങ്ങളുടെ പിഴ… ഞങ്ങളുടെ ആകെ പിഴ : കോടിയേരി

കുമ്പസാരക്കൂട്ടിലിരുന്ന ഒരു പാപിയുടെ തുറന്നുപറച്ചില്‍ പോലെയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് നടത്തിയ വാർത്താസമ്മേളനം. മൂന്ന് ദിവസത്തെ സി.പി.എം സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കോടിയേരി. പാർട്ടിക്ക് സംഭവിച്ച മൂല്യച്യുതികളും പാർട്ടിയുടെ ഇന്നത്തെ ദയനീയമായ പതനത്തിലേക്ക് നയിച്ച കാരണങ്ങളും വരികള്‍ക്കിടയിലൂടെ തുറന്നുപറഞ്ഞ് ഭാവിയില്‍ പരിഹാര ക്രിയകള്‍ക്ക് വേണ്ടി സംസ്ഥാന സമിതി ചർച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തി.

പത്രസമ്മേളനത്തിലെ വാക്കുകള്‍ കടമെടുത്താല്‍ നാളെ മുതല്‍ സി.പി.എം സഖാക്കള്‍ക്കും നേതാക്കള്‍ക്കും ധാര്‍ഷ്ട്യത്തിന്‍റെ ശരീരഭാഷ ഉണ്ടാവില്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് കോടിയേരി. ഇത് വ്യക്തമാക്കുന്നത് നേതാക്കള്‍ക്കും സഖാക്കള്‍ക്കും ഇതുവരെ ധിക്കാരത്തിന്‍റെയും ധാര്‍ഷ്ട്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ഭാഷയായിരുന്നു എന്ന തുറന്നുസമ്മതിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി. പാർട്ടി സഖാക്കള്‍ അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയുമ്പോള്‍ ഇതുവരെ നടത്തിയ കൊലപാതകങ്ങളും അക്രമ രാഷ്ട്രീയവും നിയന്ത്രിച്ചത് പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന തുറന്നുസമ്മതിക്കല്‍ കൂടിയായി ഇത്.

പാർട്ടിയുടെ ബഹുജന അടിത്തറയില്‍ ചോർച്ചയുണ്ടായി എന്ന് കോടിയേരി വിശേഷിക്കുമ്പോള്‍ അത് പാര്‍ട്ടിയുടെ അടിത്തറ തകർന്നു എന്ന് പരസ്യമായി സമ്മതിക്കുന്നതിന് തുല്യമാണ്. സര്‍ക്കാരിന്‍റെ ചില വകുപ്പുകളില്‍ അഴിമതി നിറഞ്ഞുനില്‍ക്കുന്നു എന്ന് പാര്‍ട്ടി സെക്രട്ടറി കുറ്റപ്പെടുത്തുമ്പോള്‍ ഈ വകുപ്പുകളി്‍ ഭരിക്കുന്ന പാർട്ടി മന്ത്രിമാരുടെ നെഞ്ചിലേക്കുള്ള ഒരു കല്ലേറ് കൂടിയായി ഇതിനെ വ്യാഖ്യാനിക്കാം.

ഏറ്റവും വലിയ മലക്കം മറിച്ചില്‍ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാടുതറയുടെ അസ്ഥിവാരം തന്നെ തകര്‍ക്കുന്നതാണ്. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശബരിമലയില്‍ യുവതീപ്രവേശനം നടത്തുമെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി ആണെങ്കിലും പി.ബി അംഗം കൂടിയായ പിണറായിയെയാണ് മറ്റൊരു പി.ബി അംഗമായ കോടിയേരി തിരുത്തിയിരിക്കുന്നത്. ഒരു പി.ബി അംഗം മറ്റൊരു പി.ബി അംഗത്തെ തിരുത്തുന്നത് ശരിയാണോ എന്ന് അച്യുതാനന്ദന്‍-പിണറായി വിഎഭാഗീയതയുടെ കാലത്ത് പിണറായി പറഞ്ഞ വാക്കുകളാണ് ഇവിടെ വരികള്‍ക്കിടയില്‍ ഓര്‍മിക്കപ്പെടുന്നത്.

ജമാ അത്ത് ഇസ്ലാമിയെയും പി.ഡി.പിയെയും വർഗീയതയുടെ അപ്പോസ്തോലരായി ഇന്ന് കോടിയേരി മുദ്ര കുത്തിയെങ്കില്‍ തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ തലയില്‍ മുണ്ടുമിട്ട് ഈ നേതാക്കളുടെ പിന്തുണ തേടിയതും തെറ്റായിപ്പോയി എന്ന വീണ്ടുവിചാരവും കോടിയേരിയുടെ വാക്കുകളില്‍ പ്രകടമാണ്. സഖാക്കള്‍ക്ക് യഥാസമയം രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുമെന്ന് കോടിയേരി പറയുമ്പോള്‍ ഇത്രയും കാലം സഖാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലായിരുന്നു എന്ന തുറന്നുസമ്മതിക്കലും ഈ വാക്കുകളില്‍ കാണാം. കോടിയേരി ഇന്ന് നടത്തിയ കുറ്റസമ്മതം തന്നെയാണ് കഴിഞ്ഞ വർഷങ്ങളായി കോണ്‍ഗ്രസും യു.ഡി.എഫും ഇടതുമുന്നണിയെക്കുറിച്ചും സി.പി.എമ്മിനെക്കുറിച്ചും പറഞ്ഞതും പറഞ്ഞുകൊണ്ടേയിരിക്കുന്നതും.

kodiyeri balakrishnancpm
Comments (0)
Add Comment