കോടിയേരി ബാലകൃഷ്ണന്‍റെ മനോനില പരിശോധിക്കണം: അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

Jaihind Webdesk
Tuesday, January 18, 2022

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്ന് പച്ചയ്ക്ക് വര്‍ഗീയത പറയുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മനോനില പരിശോധിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്.
കോണ്‍ഗ്രസില്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് പരിഗണനയെന്നും മുസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെന്നുമൊക്കെ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി വിളിച്ചു പറയുന്നത് ആ പാര്‍ട്ടിയുടെ നിലവാരം എന്തുമാത്രം അധ:പതിച്ചുവെന്നതിന്റെ ദൃഷ്ടാന്തമാണ്. കോണ്‍ഗ്രസ് പോലുള്ള ഒരു മതേതര പ്രസ്ഥാനത്തിന്‍റെ പേരുച്ചരിക്കാനുള്ള യോഗ്യത പോലും കോടിയേരി ബാലകൃഷ്ണനില്ലെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസ് ഭാരവാഹിത്വം മതം നോക്കിയാകണമെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന്‍റെ പാര്‍ട്ടിയില്‍ ചരിത്രത്തിലിന്നേവരെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഒരാള്‍ പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സിപിഎമ്മില്‍ മതന്യൂനപക്ഷങ്ങളെ പരിഗണിക്കാതെ, എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കുന്ന കോണ്‍ഗ്രസിന്‍റെ പാരമ്പര്യമോ ചരിത്രമോ അറിയാത്ത കോടിയേരിയുടെ ജല്പനങ്ങള്‍ പൊതുസമൂഹം പുഛിച്ച് തള്ളും. സാമാന്യബോധമുള്ള ആരും പറയാത്തതാണ് കോടിയേരി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ നിന്നും അദ്ദേഹത്തിന് സംഭവിച്ചത് നാക്കുപിഴയല്ലെന്ന് വ്യക്തമാണ്.

കോടിയേരിയെ പോലെ തലയ്ക്ക് വെളിവില്ലാതെ ഓരോന്ന് തള്ളിവിടുന്ന പാര്‍ട്ടി സെക്രട്ടറിയെ ചുമക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിച്ചേര്‍ന്നുവെന്നത് ആ പാര്‍ട്ടിയുടെ സമ്പൂര്‍ണ പതനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ബുദ്ധിസ്ഥിരതയില്ലാത്ത ഇത്തരം പ്രതികരണങ്ങള്‍ ആവര്‍ത്തിക്കുന്ന കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് വീണ്ടും അവധി നല്‍കി വിദഗ്ധ ചികില്‍സയ്ക്കയക്കേണ്ട സമയമായെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.