ഫോണ്‍ സ്വന്തം ഭാര്യയുടെ കയ്യില്‍ ; പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ച കോടിയേരി ഊരാക്കുടുക്കില്‍

 

തിരുവനന്തപുരം : ലൈഫ് മിഷൻ കോഴയുടെ ഭാഗമായ ഐ ഫോണ്‍ അന്വേഷണം വിനോദിനി കോടിയേരിയിലെത്തിയതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ മുഖം നഷ്ടമായി നില്‍ക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. പാർട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണം കോടിയേരിക്ക് ഇപ്പോള്‍ കനത്ത തിരിച്ചടിയായിരിക്കുകയാണ്.

തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിനായി സ്വപ്‌നാ സുരേഷിന്‍റെ നിര്‍ദ്ദേശ പ്രകാരം ആറ് ഐഫോണുകള്‍ വാങ്ങി നല്‍കി എന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. യുഎഇ കോണ്‍സുലേറ്റിന്‍റെ പരിപാടിക്കിടെ ഈ ഫോണുകള്‍ വിതരണം ചെയ്തിരുന്നു. ഐ ഫോണ്‍ വിവാദത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിന് ഒഴിഞ്ഞുമാറാനാകില്ലെന്നായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഐഫോണ്‍ സ്വീകരിച്ചതിലൂടെ രമേശ് ചെന്നിത്തല പ്രോട്ടോകോള്‍ ലംഘിച്ചെന്നും കെ. ടി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട ചെന്നിത്തലയ്ക്ക് കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ബോധ്യമായെന്നും കോടിയേരി പരിഹസിച്ചിരുന്നു. സന്തോഷ് ഈപ്പന്‍റെ പരാമർശം ചൂണ്ടിക്കാട്ടിയായിന്നു കോടിയേരിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച രമേശ് ചെന്നിത്തല  നിയമ നടപടികളുമായി മുന്നോട്ടുപോയതോടെ സന്തോഷ് ഈപ്പന്‍ ആരോപണത്തില്‍ നിന്ന് പിന്മാറി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കോടിയേരി മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വാങ്ങിയ ആറ് ഐ ഫോണുകളില്‍  നാല് എണ്ണം ഉപയോഗിക്കുന്നവരെ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരെണ്ണം കമ്പനി ആവശ്യത്തിനായാണ് ഉപയോഗിക്കുന്നതെന്ന് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആറാമത്തെ ഐഫോണ്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിരുന്നില്ല. കോടിയേരി ആരോപണം ഉന്നയിച്ച അതേ ഫോണാണ് ഇപ്പോള്‍ സാക്ഷാല്‍ കോടിയേരിയുടെ ഭാര്യയുടെ കയ്യില്‍ നിന്നുതന്നെ കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണം എത്രത്തോളം തരംതാണതായിരുന്നുവെന്നും പ്രതിപക്ഷ നേതാവിനെ കരുതിക്കൂട്ടി അപമാനിക്കാനുള്ളതായിരുന്നും ഇതോടെ പകല്‍ പോലെ വ്യക്തമായി. പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യനായ കോടിയേരി മാപ്പ് പറഞ്ഞാല്‍ പോലും അത് എത്രത്തോളം നീതി പുലർത്തുന്നതാകും എന്ന ചോദ്യമാണ് ഉയരുന്നത്.

Comments (0)
Add Comment