ഖുർആൻ സർക്കാർ വാഹനത്തിൽ കൊണ്ട് പോയതിൽ തെറ്റില്ല; കെ.ടി ജലീലിന് പൂർണ പിന്തുണയുമായി കോടിയേരി ബാലകൃഷ്ണൻ

Jaihind News Bureau
Friday, September 18, 2020

മുഖ്യമന്ത്രിക്ക് പിന്നാലെ കെ.ടി ജലീലിന് പൂർണ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഖുർആനെ രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു. ഖുർആൻ സർക്കാർ വാഹനത്തിൽ കൊണ്ട് പോയതിൽ തെറ്റില്ലെന്നും നടക്കുന്നത് ഖുർആൻ അവഹേളനമെന്നും ദേശാഭിമാനിയിൽ ലേഖനം.

കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തത്തിന് പിന്നാലെ രാഷ്ട്രീയ ചർച്ച് ചൂടുപിടിക്കുന്നതിനിടയിലാണ് ജലീലിന് പിന്തുണയുമായി കോടിയേരി എത്തിയത്. മന്ത്രി കെ.ടി ജലീലിനും എൽ.ഡി.എഫിനും എതിരെ നടക്കുന്നത് ഖുർആൻ വിരുദ്ധ പ്രക്ഷോഭമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടി ചേർത്തു. മോദി രാജ്യം ഭരിക്കുമ്‌ബോൾ കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരാൻ പാടില്ലെന്ന് നിയമമുണ്ടോ എന്നും അത് രാജ്യദ്രോഹകുറ്റമാകുമോ എന്നും കോടിയേരി ചോദിക്കുന്നു. വഖഫ് ബോർഡ് മന്ത്രി എന്ന നിലയിലാണ് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടത്. റമദാൻകാല ആചാരത്തിന് അനുകൂലമായാണ് ജലീൽ പ്രവർത്തിച്ചതെന്നും കോടിയേരി ന്യായീകരിച്ചു.

ഖുർആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽ.ഡി.എഫ് എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതുകൊണ്ടാണെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

തന്‍റെ മകനെതിരായ ആരോപണത്തിലും പതിവ് ശൈലി അദ്ദേഹം ആവർത്തിച്ചു. നിരപരാദിത്വം തെളിയിക്കാനാണ് ബിനീഷ് കോടിയേരി ശ്രമിക്കുന്നത്. നിയമ വിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ മകന് ഏത് ശിക്ഷയും കിട്ടട്ടേയെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.