കോടിയേരി വീണ്ടും പാർട്ടി സെക്രട്ടറി; മടങ്ങിവരവ് ഒരു വർഷത്തിന് ശേഷം

Jaihind Webdesk
Friday, December 3, 2021

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ഒരു വർഷത്തിന് ശേഷമാണ്  തിരിച്ചെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റേതാണ് തീരുമാനം.

ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെയുള്ള സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ 2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ അവധി അനുവദിക്കുകയായിരുന്നെന്നായിരുന്നു പാർട്ടി വിശദീകരണം.

ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി. എൽഡിഎഫ് കൺവീനർ എ വിജയരാഘവനായിരുന്നു കോടിയേരിക്ക് പകരം ചുമതല.