പൗരത്വ ഭേദഗതി നിയമം ലോക്സഭയില്‍ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി സ്പീക്കർക്ക് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമം നടപ്പിൽ വരുത്തിയതിലും ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ച നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിലും ദേശവ്യാപകവുമായ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ചട്ടം 193 പ്രകാരം ലോക്സഭയിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി.

പൗരത്വ ഭേദഗതി നിയമം നടപ്പിൽ വരുത്തിയതിലും ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ സംബന്ധിച്ച നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതും രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിച്ചു . ഇന്ന് രാജ്യത്തെ മുസ്ലിം മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ആശങ്കയിലാണ് എന്നും അവരുടെ ആശങ്കകൾ ദുരീകരിക്കാൻ വേണ്ട നടപടികള്‍ ഒന്നും കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി നോട്ടീസില്‍ പറയുന്നു.

കേന്ദ്ര – സംസ്ഥാന സർവകലാശാലകളിലെ വിദ്യാർഥികൾ ഈ നിയമങ്ങൾക്കെതിരെ നാളുകളായി പ്രതിഷേധത്തിലാണ്. അവരെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തുകയും ചെയ്യുന്നു. പൗരത്വഭേദഗതി നിയമത്തിലും എൻ.ആർ.സി, എൻ.പി.ആർ വിരുദ്ധ ബഹുജനം പ്രക്ഷോഭങ്ങളെ തുടർന്ന് ഉത്തർപ്രദേശിൽ മാത്രം ഇരുപത്തിരണ്ടോളം ആളുകൾക്ക് പോലീസ് വെടിവെപ്പിൽ ജീവൻ നഷ്ടമായി. മംഗലാപുരത്ത് രണ്ട് പേരും കൊല്ലപ്പെട്ടു, ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു. രാജ്യത്ത് പൗരത്വഭേദഗതി നിയമം മുസ്ലിം വിഭാഗത്തെ ഒഴിവാക്കുന്നതിനും അവരെ ഒറ്റപ്പെടുത്തുന്നതിനുമെതിരെ ഇന്ത്യയൊട്ടാകെ മതേതര വിശ്വാസികളും ബഹുജന സംഘടനകളും പൊതുപ്രവർത്തകരും അണിനിരന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് സ്പീക്കർക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം പാസായ ശേഷം രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങൾ, പ്രക്ഷോഭകാരികൾക്കെതിരെ പൊലീസ് നടത്തിയ നരനായാട്ടും വെടിവെപ്പും ഇന്ന് പ്രതിഷേധത്തിന്‍റെ കാഠിന്യം വർധിപ്പിക്കുകയും രാജ്യം ഒരു സ്ഫോടനമാത്മക സാഹചര്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുമായുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം അതീവ ഗൗരവത്തോടെ ലോക്‌സഭയിൽ ചർച്ച ചെയ്യണം എന്നും കൊടിക്കുന്നിൽ സുരേഷ് എം.പി സ്‌പീക്കർക്ക് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു.

Kodikkunnil Suresh MPCAA
Comments (0)
Add Comment