കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക പാക്കേജിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

Jaihind News Bureau
Tuesday, May 19, 2020

സാമ്പത്തിക വിനിമയത്തിനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും ഫെഡറൽ വ്യവസ്ഥകളെയും തൃണവൽഗണിക്കുന്നതാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജെന്ന് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി. കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധം തീർക്കുന്നത് സംസഥാന സർക്കാരുകളാണ് എന്നും അവർക്കാണ് വിഭവ വിഹിതം എത്രയാവുമെന്നും, കടമുൾപ്പെടെയുള്ള അടിയന്തിര ധനാവശ്യങ്ങളുടെ വ്യാപ്‌തി യാഥാർഥ്യബോധത്തോടെ അനുമാനിക്കാൻ കഴിയുകയും ചെയ്യുക. എന്നാൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ഗ്രാന്‍റ് ഇൻ എയിഡ് നൽകിയില്ലെന്ന് മാത്രമല്ല, സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്‌പക്ക് മേൽ അനവധി നിബന്ധനകളും അടിച്ചേൽപ്പിച്ചുകൊണ്ട് ഒരു ഫെഡറൽ സംവിധാനത്തിന് വേണ്ടുന്ന എല്ലാ മര്യാദകളെയും കൊവിഡ് കാലഘട്ടത്തിൽ പോലും തൃണവൽഗണിച്ചിരിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഒന്നുകിൽ വായ്‌പാപരിധിക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ ഒഴിവാക്കുകയോ അല്ലെങ്കിൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്തി നിബന്ധനകളും വായ്പാപരിധിയും കൃത്യമായ സാമ്പത്തിക വിശകലനത്തിന്‍റെ അടിസ്ഥാനത്തിൽ പുനർനിർണയിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടി ജിഡിപിയുടെ 10% തുകയ്ക്കുള്ള രണ്ടാംഘട്ട സാമ്പത്തിക പാക്കേജെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളുടെ ആകെ മൂല്യം ജിഡിപിയുടെ കേവലം 0.91 ശതമാനം മാത്രമേയുള്ളുവെന്നത് കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് പാക്കേജിന്‍റെ പൊള്ളത്തരം വെളിവാക്കുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എം പി അഭിപ്രായപ്പെട്ടു.

2020-21 സാമ്പത്തികവർഷത്തിലെ ബജറ്റിന്‍റെ ആകെ ചെലവായി വകയിരുത്തിയിരിക്കുന്ന 3042230 ലക്ഷം കോടി രൂപയുടെ മേൽ അധികമായി ചെലവാക്കുന്ന തുക കേവലം 1.86 ലക്ഷം കോടി രൂപ മാത്രമാണ്, ഇത് മൊത്തം ജിഡിപിയുടെ ഒരു ശതമാനത്തിലും താഴെ മാത്രമാണെന്നാണ് അറിയാൻ സാധിച്ചത്, അതുകൊണ്ടു തന്നെ കണക്കിലെ കളികൾ കൊണ്ട് രാജ്യത്തെ ജനങ്ങളെ കൊവിഡ് മഹാമാരിയുടെയിടയിലും കബളിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ മെഗാ പാക്കേജിൽ ഉള്ളൂ എന്നും കൊടിക്കുന്നിൽ സുരേഷ് എം പി അഭിപ്രായപ്പെട്ടു.
ഈ വസ്‌തുതയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ സാമ്പത്തിക പാക്കേജ് പുനഃപ്രഖ്യാപിക്കുകയും അത് ഏറ്റവും ചുരുങ്ങിയത് 10 ലക്ഷം കോടി രൂപയിൽ കുറയാത്ത യഥാർഥ അധികചെലവായിരിക്കണമെന്നും ഉള്ള കോൺഗ്രസ്സ് പാർട്ടിയുടെ നിർദേശം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.

ഒപ്പം തന്നെ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌പെയിൻ , കാനഡ, എന്നിവയുൾപ്പെടെ പല വിദേശ രാജ്യങ്ങളും സാർവത്രിക വരുമാന പദ്ധതിക്ക് നടപടിയെടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും സമാനമായ നടപടികൾ സ്വീകരിക്കാനും ‘ന്യായ്’പദ്ധതിപോലെയുള്ള നടപടികളിൽകൂടി ഇനിയെങ്കിലും അർഹതയുള്ള പാവപ്പെട്ടവർക്കും വരുമാനമില്ലാതെ ഉഴറുന്നവർക്കും പ്രത്യക്ഷ സഹായധനം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.