സംസ്ഥാന സര്‍ക്കാരിന്‍റെ ദളിത് അവഗണനക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി സത്യാഗ്രഹത്തിന്

Jaihind Webdesk
Monday, December 31, 2018

Kodikkunnil-suresh-MP

ദളിത് സമൂഹത്തോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനക്കെതിരെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നു മുതൽ സത്യാഗ്രഹം അനുഷ്ഠിക്കും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്‍റെ ദളിത് സ്നേഹം വെറും കാപട്യവും വഞ്ചനയുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

എസ്.സി-എസ്.ടി വിഭാഗങ്ങളുടെ ഭരണഘടനാ അവകാശമായ സംവരണത്തെ കെ.എ.എസിലൂടെ അട്ടിമറിച്ചിരിക്കുകയാണ്. കെ.എ.എസ് സ്ട്രീം രണ്ടിലും മൂന്നിലും സംവരണം വേണ്ടെന്ന് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ഇത് ആരുടെ താൽപര്യം സംരക്ഷിക്കാനാണ്. കെ.എ.എസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ദളിതരെ തിരസ്കരിക്കുന്ന നടപടികളാണ് സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ മതിൽ കൊണ്ട് പട്ടികജാതി-പട്ടികവർഗക്കാർക്ക് എന്ത് പ്രയോജനമാണ് കിട്ടാൻ പോകുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. രണ്ടര വർഷക്കാലത്തിനിടയിൽ പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങൾക്ക് എതിരെയുള്ള പീഢനങ്ങൾക്കും അതിക്രമങ്ങൾക്കും പരിഹാരമുണ്ടാക്കാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കൊടിക്കുന്നിൽ സുരേഷ് ചോദിച്ചു.

നരേന്ദ്ര മോദി സർക്കാർ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ അട്ടിമറിക്കുമ്പോൾ കേരളത്തിലും പട്ടികജാതി-പട്ടികവർഗ ദ്രോഹനടപടികൾ അതേപടി നടപ്പാക്കി മുന്നോട്ട് പോകുന്നത് അവസാനിപ്പിക്കാൻ പിണറായി സര്‍ക്കാര്‍ തയാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.