കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ വേട്ടയാടാനുള്ള പോലീസ് നീക്കത്തെ കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നേരിടും- കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind Webdesk
Saturday, August 31, 2019

ഡി.ജി.പി ലോക്നാഥ് ബഹ്റയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ പോലീസിനെ വിട്ട് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറസ്റ്റ് ചെയ്യാനും നിയമ നടപടി സ്വീകരിക്കാനുമുള്ള ഏതൊരു നീക്കത്തേയും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കി.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെയുള്ള നീക്കം സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഗൂഢാലോചനയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റും നേടി ചരിത്ര വിജയത്തിലേക്ക് യു.ഡി.എഫിനെ നയിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും യു.ഡി.എഫിനെ ഒറ്റക്കെട്ടായി നയിക്കുകയും ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഡി.ജിപി ലോക്നാഥ് ബെഹ്റയുടെ നീക്കത്തിന് പിന്നിലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.

കേരളത്തില്‍ ഇതിന് മുമ്പും ഡിജിപി മാരായിരുന്നവര്‍ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ ആരോപണങ്ങള്‍ഉന്നയിച്ചിട്ടുണ്ട്. കെ.കരുണാകരന്‍,ഏ.കെ.ആന്‍റണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളപ്പോള്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും, അന്നൊന്നും ആരോപണം ഉന്നയിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാനും നിയമ നടപടി സ്വീകരിക്കാനും ഭരണകൂടങ്ങള്‍ തയ്യാറായിട്ടില്ല.

മുല്ലപ്പള്ളിക്കെതിരെയുള്ള ലോക്നാഥ് ബഹ്റയുടെ നീക്കം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡി.ജി.പിമാര്‍ പോലീസ് നയം നടപ്പാക്കുമ്പോള്‍ ഏകപക്ഷീയമായി ഭരണത്തിലിരിക്കുന്നവര്‍ക്ക് വേണ്ടി പോലീസിനെ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടും. ലോക്നാഥ് ബെഹ്റ പോലീസ് തലപ്പത്ത് വന്നതിന് ശേഷം പിണറായി വിജയനേയും സി.പി.എമ്മിനേയും പ്രീതിപ്പെടുത്തുന്ന നിലപാടുകളാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്.

ലോക്കപ്പ് മര്‍ദ്ദനങ്ങളും, കസ്റ്റഡി മരണങ്ങളും ഇക്കാലയളവില്‍ നിത്യസംഭവങ്ങളായി മാറി. അക്രമവും പിടിച്ചുപറിയും, ഗുണ്ടാ വിളയാട്ടങ്ങളും വ്യാപകമായിട്ടും നടപടികളെടുക്കാന്‍ പോലീസിന് കഴിയുന്നില്ല. പോലീസ്റ്റേഷനുകളില്‍ സി.പി.എമ്മിന് വേണ്ടി മൂന്നാംമുറ പ്രയോഗം തുടര്‍ച്ചയായി വാര്‍ത്തയാകുന്നു. സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടങ്ങളില്‍ പ്രതിസ്ഥാനത്ത് സി.പി.എമ്മാണ്. മുഖ്യമന്ത്രിയേയും സി.പി.എം നേതാക്കളേയും പ്രീതിപ്പെടുത്താന്‍ അവര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഡി.ജി.പി ലോക് നാഥ് ബെഹ്റ പോലീസ് സേനയ്ക്ക് അപമാനമാണ്. കേരളം കണ്ട ഏറ്റവും കഴിവുകെട്ട ഡി.ജി.പിയായി ലോക്നാഥ് ബെഹ്റ മാറി.

ഡി.ജി.പി ലോക്നാഥ് ബെഹ്റ ഒരേസമയം പിണറായി വിജയന്‍റേയും നരേന്ദ്ര മോദിയുടേയും മാനസപുത്രനായി മാറുന്നകാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പിണറായിയുടെ വിശ്വസ്തനായി കേരളത്തിലെ പോലീസിന്‍റെ തലപ്പത്തിരിക്കുന്ന ലോക്നാഥ് ബെഹ്റയെ വിമര്‍ശിക്കാന്‍ ചങ്കൂറ്റം കാണിച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ വേട്ടയാടാനുള്ള ഏത് നീക്കത്തേയും കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.