തദ്ദേശീയരായ റബ്ബര്‍ കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണം; റബ്ബര്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കണം : കൊടിക്കുന്നില്‍ സുരേഷ് എം.പി 

Jaihind News Bureau
Wednesday, December 4, 2019

Kodikkunnil-Suresh

തദ്ദേശീയരായ റബ്ബര്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, റബ്ബര്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നതിനുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യമുന്നയിച്ചു. ഒട്ടനവധി ബാഹ്യ ഘടകങ്ങളാണ് സ്വാഭാവിക റബ്ബറിന്‍റെ വില നിര്‍ണ്ണയിക്കുന്നത്. ഉപഭോക്തൃ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥാ വ്യതിയാനങ്ങള്‍, കൃതൃമ റബ്ബറിന്‍റെയും പെട്രോളിന്‍റെയും ആപേക്ഷിക വില, എന്നിങ്ങനെ അനവധി ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയാണ് സ്വാഭാവിക റബ്ബറിന്‍റെ വില നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ താരിഫ് നിശ്ചയിക്കുന്നതിലൂടെ സ്വാഭാവിക റബ്ബറിന്‍റെ വില കഴിഞ്ഞ കാലങ്ങളില്‍ അന്താരാഷ്ട്ര വിപണിയേക്കാള്‍ ഉയര്‍ന്നതാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍  കൊടിക്കുന്നില്‍ സുരേഷ് എം.പിയെ രേഖാമൂലം അറിയിച്ചു

തദ്ദേശീയ റബ്ബറിന്‍റെ വില ഉയര്‍ന്നു നില്‍ക്കുവാനായി കേന്ദ്ര സര്‍ക്കാര്‍ താഴെപ്പറയുന്ന നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

1. ഡ്രൈ റബ്ബറിന്‍റെ ഇറക്കുമതി തീരുവ ഇരുപത് ശതമാനം അല്ലെങ്കില്‍ 30 രൂപ പ്രതി കിലോഗ്രാം എന്നതില്‍ നിന്ന് 25 ശതമാനം അല്ലെങ്കില്‍ 30 രൂപ പ്രതി കിലോഗ്രാം ഏതാണോ കുറവ് അത് പ്രയോഗത്തില്‍ വരും എന്ന നിബന്ധനയില്‍(30.04.2015 മുതല്‍)

2. 18 മാസത്തില്‍ നിന്ന് 6 മാസമായി ഇറക്കുമതി ചെയ്ത ഡ്രൈ റബ്ബര്‍ അഡ്വാന്‍സ്ഡ് ലൈസന്‍സിംഗ് പദ്ധതിപ്രകാരം ഉപയോഗിക്കുന്നതിനുള്ള കാലാവധി ചുരുക്കി.

3. ചെന്നൈ, നാവഷേവ (ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട്) എന്നീ തുറമുഖങ്ങളില്‍ കൂടി ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബ്ബറിന് നിയന്ത്രണ വ്യവസ്ഥകള്‍ 20,01,2016 മുതല്‍ നടപ്പിലാക്കി.

എന്നാല്‍ ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബ്ബര്‍ വകഭേദങ്ങള്‍ ലോക വ്യാപാര സംഘടനയുടെ വില നിര്‍ണ്ണയ നിയന്ത്രണത്തില്‍ ആയതിനാല്‍ തീരുവ ഇപ്പോള്‍ ഉള്ളതില്‍ കൂടുതല്‍ ആയി വര്‍ദ്ധിപ്പിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ ലാറ്റെക്സിന് നല്‍കുന്ന ഇറക്കുമതി നികുതി 70 ശതമാനം അല്ലെങ്കില്‍ 49 രൂപ പ്രതി കിലോഗ്രാം ആണ്. എന്നാല്‍ ലാറ്റെക്സ് ഇറക്കുമതി റബ്ബറിന്‍റെ കേവലം 1.7 ശതമാനം മാത്രമാണെന്നും (2018-19) മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‍റെ ലോക്സഭയിലെ ശൂന്യവേളയിലെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.