വോട്ടിംഗ് യന്ത്രത്തിലെ തിരിമറി സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: കൊടിക്കുന്നില്‍ സുരേഷ്

Jaihind Webdesk
Tuesday, January 22, 2019

 

വോട്ടിംഗ് യന്ത്രത്തിലെ തിരിമറി സംബന്ധിച്ച് അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍ സയ്ദ് ഷൂജയുടെ വെളിപ്പെടുത്തലിന്‍റെ വസ്തുത പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്.

ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് നരേന്ദ്ര മോദിയും പരിവാരങ്ങളും അധികാരത്തിലെത്തിയതെന്ന് ഇതിലൂടെ വ്യക്തമായി. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ ജനങ്ങള്‍ക്ക് ആശങ്ക ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷത പോലും ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ വെളിപ്പെടുത്തല്‍.

വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടയുടേയും മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റേയും ദുരൂഹ സാഹചര്യത്തിലെ മരണം സംശയാസ്പദമാണ്. ജനങ്ങള്‍ക്ക് വോട്ടിംഗ് യന്ത്രത്തിലുള്ള വിശ്വാസം നഷ്ടമായതിനാല്‍ 2019 ലെ പൊതുതെരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റിലൂടെ നടത്തുന്നതാണ് ഉചിതമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.